കൊയിലാണ്ടി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസദ് ആദര്‍ശ് ഗ്രാമയോജന പദ്ധതി പ്രകാരം മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ദത്തെടുത്ത ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. പദ്ധതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം തയ്യാറാക്കിയ വില്ലേജ് ഡെവലപ്‌മെന്റ് പ്ലാന്‍ നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള മോണിറ്ററിംഗ് കമ്മറ്റിയോഗം കൊയിലാണ്ടി ഗസ്റ്റ് ഹൗസില്‍ ചേര്‍ന്നു. ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് കൂമുള്ളി കരുണന്‍ ഉദ്ഘാടനം ചെയ്തു. അസി. ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ ദിലീപ് പദ്ധതി രേഖ അവതരിപ്പിച്ചു.
പദ്ധതിയുടെ നടത്തിപ്പിനായി എംപി ഫണ്ടില്‍ നിന്ന് 75 ലക്ഷം രൂപ അനുവദിച്ചതായി എംപിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് കെ.പ്രദീപന്‍ യോഗത്തില്‍ അറിയിച്ചു. താലൂക്കിലെ ഏറ്റവും രണ്ടാമത്തെ വലിയ ജലസ്രോതസ്സായ ആന്തുകുളത്തിന്റെ നവീകരണം, അഗന്‍ വാടി നിര്‍മ്മാണം, വിവിധ റോഡുകളുടെ നിര്‍മ്മാണം എന്നിവ ഇതില്‍ ഉള്‍പ്പെടും. 28 ലക്ഷം രൂപ ചെലവില്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ശുചീകരണപദ്ധതി നല്‍കുമെന്ന് ജില്ലാ ശുചിത്വമിഷന്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ സുകന്യ സമൃദ്ധി യോജന പദ്ധതിയില്‍ കൂടുതര്‍ പേരെ ചേര്‍ക്കുന്നതിന് തപാല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രചാരണം സംഘടിപ്പിക്കും. പഞ്ചായത്തിലെ 12 കോളനികളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തും. കൃഷി വകുപ്പിന്റെയും കൃഷി വിജ്ഞാന്‍ കേന്ദ്രയുടെയും സഹകരണത്തോടെ ജൈവകൃഷി, നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ നേതൃത്വത്തില്‍ ആരോഗ്യ പദ്ധതി എന്നിവ നടപ്പാക്കും. വൈസ് പ്രസിഡന്റ് നസ്രത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ശശിധരന്‍, കെ. ഗീതാനന്ദന്‍, എം. പുഷ്പ, വിവിധ വകുപ്പു തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു .
















