കൊച്ചി: പ്രതിസന്ധികളില്‍ തളരാതെ ജീവിതവിജയത്തിലേയ്‌ക്ക് മനുഷ്യനെ നയിക്കുന്ന വഴികാട്ടിയാണ് ഭഗവദ്ഗീതയെന്ന് ചിന്മയ അന്തര്‍ദേശീയകേന്ദ്രം ആചാര്യന്‍ സ്വാമി ശാരദാനന്ദസരസ്വതി അഭിപ്രായപ്പെട്ടു. സ്വാമിചിന്മയാനന്ദന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അമൃതഭാരതീവിദ്യാപീഠം സംഘടിപ്പിക്കുന്ന ഗീതാജ്ഞാനയജ്ഞപരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ ഗീതാവിചാരസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ചിന്മയമിഷന്‍ തൃപ്പൂണിത്തുറ യൂണിറ്റിന്റെ അദ്ധ്യക്ഷന്‍ കെ.കെ. നായരുടെ അദ്ധ്യക്ഷതയില്‍ ചിന്മയാവിദ്യാലയത്തിന്റെ സത്സംഗഹാളില്‍ നടന്ന ഗീതാവിചാരസദസ്സില്‍ തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സിലര്‍ കെ. രാധികാവര്‍മ്മ, അമൃതഭാരതീവിദ്യാപീഠം സംസ്ഥാനാദ്ധ്യക്ഷന്‍ ഡോ.ജി. ഗംഗാധരന്‍ നായര്‍, ബാലഗോകുലം ജില്ലാകാര്യദര്‍ശി മേലേത്ത് രാധാകൃഷ്ണന്‍, മേഖലാദ്ധ്യക്ഷന്‍ ജി. സതീശ്കുമാര്‍, നഗരസഭ പ്രതിപക്ഷ നേതാവ് വി.ആര്‍. വിജയകുമാര്‍, ആര്‍എസ്എസ് തൃപ്പൂണിത്തുറ നഗര്‍ സഹസംഘചാലകന്‍ എം.ഡി. ജയന്തന്‍ നമ്പൂതിരി, ചന്ദ്രകാന്ത് നായിക്, അമൃതഭാരതീ വിദ്യാപീഠം എറണാകുളം റവന്യു ജില്ലാസംയോജകന്‍ കെ.ജി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന ജില്ലാതല ഭഗവദ്ഗീതാപ്രശ്‌നോത്തരി മത്സരത്തിന്റെ അന്തിമ തലമത്സരത്തില്‍ ഒന്നും മൂന്നും സ്ഥാനത്തിനുളള വിദ്യാലയവിജയമുദ്ര കണ്ണന്‍കുളങ്ങര ചിന്മയവിദ്യാലയവും രണ്ടാം സ്ഥാനം ഭാവന്‍സ് വിദ്യാമന്ദിര്‍ എളമക്കരയും കരസ്ഥമാക്കി. ഒന്നാം സമ്മാനതുകയായ 3001 രൂപ ജോയല്‍.സി. ഡിക്‌സണ്‍, ശ്രീരാം. ജെ എന്നിവര്‍ പങ്കിട്ടു. രണ്ടാം സമ്മാനതുകയായ 2001 രൂപ ഗായത്രി. എം, രാഖി. ആര്‍ എന്നിവര്‍ പങ്കിട്ടു. മൂന്നാം സമ്മാനതുകയായ 1001 രൂപ വിഷ്ണു വേണുഗോപാല്‍, അഭിജിത്ത്. രാജീവ് എന്നിവര്‍ പങ്കിട്ടു. ദ്വിതീയതല മത്സരത്തില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്കും വ്യക്തിഗതസമ്മാനങ്ങളും സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു.
















