പത്താന്‍കോട്ട്: വ്യോമസേനാത്താവളം ആക്രമിച്ച ഒരു ഭീകരനെക്കൂടി സുരക്ഷാഭടന്മാര്‍ വധിച്ചു. അതേസമയം, സ്‌ഫോടനത്തിനായി ഭീകരര്‍ കൊണ്ടുവന്ന ആര്‍ഡിഎക്‌സ് നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരു മലയാളി സൈനികന്‍ ഇന്നലെ കൊല്ലപ്പെട്ടു.
പാലക്കാട് സ്വദേശിയായ എന്‍എസ്ജി കമാന്റോ ലഫ്.കേണല്‍ നിരഞ്ജന്‍ ആണ് കൊല്ലപ്പെട്ടത്.
ഇതിനിടെ ഇന്നലെ രാത്രിയും വ്യോമസേനാത്താവളത്തില്‍നിന്ന് വെടിയൊച്ച കേട്ടതായി റിപ്പോര്‍ട്ടുണ്ട്. ഒരു ഭീകരന്‍കൂടി വ്യോമസേനാത്താവളത്തില്‍ ഉണ്ടെന്നും ഇയാള്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചന നല്‍കി.
പാക്കിസ്ഥാനില്‍നിന്നുവന്ന് സൈനികകേന്ദ്രം ആക്രമിച്ച നാല് ഭീകരരെ ശനിയാഴ്ച സുരക്ഷാഭടന്മാര്‍ വധിച്ചിരുന്നു. ഇതിനുപുറമെയാണ് ഒരാളെക്കൂടി ഇന്നലെ വധിച്ചത്. ഇനിയൊരാള്‍കൂടിയുണ്ടെന്ന് കരുതപ്പെടുന്നു. പോരാട്ടം അവസാനിച്ചാല്‍ മാത്രമേ ഭീകരര്‍ എത്രപേരുണ്ടെന്ന് പറയാനാവൂ എന്ന് ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി വ്യക്തമാക്കി. ആറ് ഭീകരര്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇങ്ങനെയെങ്കില്‍ ഇനി ഒരാളെക്കൂടി പിടികൂടാനുണ്ട്.
”ശനിയാഴ്ച രാത്രിയോടെ ഭീകരര്‍ക്കെതിരായ നടപടി സാവധാനത്തിലാക്കുകയും പ്രദേശം വളയുകയും ചെയ്തിരുന്നു. എന്നാല്‍ പുലര്‍ച്ചെയാണ് രണ്ട് ഭീകരന്മാര്‍കൂടി ഉണ്ടെന്ന് മനസിലായത്. പോരാട്ടം തുടരുകയാണ്. അത് അവസാനിച്ചാല്‍ മാത്രേമ ആളപായങ്ങളെക്കുറിച്ച് പറയാനാവൂ,” എയര്‍മാര്‍ഷല്‍ അനില്‍ ഖോസ്‌ല പറഞ്ഞു.
മലയാളിയായ സൈനികന്റെ മരണത്തോടെ ബലിദാനികളായ സുരക്ഷാഭടന്മാരുടെ എണ്ണം ഏഴായി. നിരഞ്ജന്റെ വേര്‍പാട് വേദനാജനകമാണെന്നും രാഷ്‌ട്രം അദ്ദേഹത്തിന് അഭിവാദ്യമര്‍പ്പിക്കുന്നുവെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞു. ഭീകരര്‍ക്കായുള്ള തിരച്ചിലിനിടെ ഒരു സുരക്ഷാഭടന് ഇന്നലെ പരിക്കേറ്റിട്ടുമുണ്ട്.
പത്താന്‍കോട്ടിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരസംഘടനകളായ ജയ്‌ഷെ മുഹമ്മദും ലഷ്‌കറെ തൊയ്ബയുമാണെന്ന് ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി സ്ഥിരീകരിച്ചു. ഇതിനകം അഞ്ച് ഭീകരരെ വധിച്ചതായും രഹസ്യാന്വേഷണ റിപ്പോര്‍ട്ട് നേരത്തെ ലഭിച്ചതിനാല്‍ ആക്രമണത്തിന്റെ ആഘാതം കുറയ്‌ക്കാനായെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു
ന്യൂദല്‍ഹി: പത്താന്‍കോട്ടിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഭാരതീയ ശാസ്ത്രകോണ്‍ഗ്രസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ബെംഗളൂരുവില്‍നിന്ന് മടങ്ങിവന്നശേഷമാണ് യോഗം വിളിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യസെക്രട്ടറി എസ്. ജയശങ്കര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പാക്കിസ്ഥാനിലേക്ക് നിയോഗിക്കപ്പെട്ടിരുന്ന ആറ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍മാരുടെ യോഗം വിദേശകാര്യമന്ത്രി സുഷമാസ്വരാജും വിളിച്ചുചേര്‍ക്കുകയുണ്ടായി.
















