ന്യൂദല്‍ഹി: ഭീകരാക്രമണത്തെ ഭാരതം വച്ചു പൊറുപ്പിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് ഭാരതം. അതേസമയം രാജ്യത്തെ ആക്രമിക്കുന്ന ഭീകരര്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
പാക്കിസ്ഥാനടക്കം എല്ലാ രാജ്യങ്ങളുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഭാരതത്തെ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കും. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഉണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.
പാക്കിസ്ഥാന്‍ നമ്മുടെ അയല്‍രാജ്യമാണ്. നമുക്ക് സമാധാനം വേണം. ഭീകരാക്രമണങ്ങള്‍ക്ക് ഭാരതം നല്ല മറുപടി നല്‍കും. ഭാരത സൈന്യം ശക്തമായി പ്രതികരിയ്‌ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് പുലര്‍ച്ചെ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രങ്ങളില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം വന്നത്. സൈനിക വാഹനത്തിലും വേഷത്തിലും എത്തിയ നാലു ഭീകരര്‍ വ്യോമ കേന്ദ്രത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
യുദ്ധവിമാനങ്ങളും ഹെലികോപ്‌റ്ററുകളും സൂക്ഷിച്ചിരുന്ന ഭാഗത്ത് ആക്രമണം നടത്താനായിരുന്നു ഭീകരര്‍ ലക്ഷ്യമിട്ടത്.
















