ബലരാമനോടുപോലും ഒന്നും പറയാതെ ശ്രീകൃഷ്ണ ഭഗവാന്‍ വൃന്ദാവനത്തില്‍ നിന്നും യാത്രയായി. നടന്നുനടന്നു യമുനാനദിക്കരെ എത്തി. അപ്പോഴാണ് കൃഷ്ണന്‍ അവിടെ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഗോക്കളും ഗോപികമാരും കുറെ ഇടയകുമാരന്മാരും മരിച്ചുകിടക്കുന്നു. എന്താണ് ഇതിനുകാരണം? യമുനാ നദിയില്‍ താമസിക്കുന്ന കാളിയന്‍ എന്ന സര്‍പ്പമാണ്. കാളിയന്റെ വിഷജ്വാലയേറ്റ് സമീപമുള്ള എല്ലാ മരങ്ങളും ഉണങ്ങിക്കരിഞ്ഞുനിന്നു. ഒരേയൊരു കടമ്പ വൃക്ഷം ഒഴികെ. ആ വൃക്ഷം ഉണങ്ങാത്തതിന്റെ കാരണ് ദേവന്മാരെല്ലാം അമൃത് കഴിക്കുന്ന സമയം ഒരു പങ്ക് ഗരുഡ ഭഗവാനും നല്‍കി. ആ അമൃത് ഭുജിപ്പാന്‍ വേണ്ടി യമുനാ നദിക്കരയിലുള്ള വൃക്ഷത്തിന്റെ മുകളില്‍ ഇരുന്നു. അതിനിടയില്‍ അല്‍പ്പം അമൃത് ഈ മരച്ചില്ലകളിലും വീണതായി പറയപ്പെടുന്നു. അതാണ് വൃക്ഷം കാളിയന്റെ വിഷം ഏറ്റിട്ടുപോലും ഉണങ്ങാതിരുന്നത്.
ആ മരത്തിന്റെ മുകളില്‍ ഭഗവാന്‍ കൃഷ്ണന്‍ കയറി നദിയിലേക്ക് എടുത്തുചാടി. പിന്നെ ഒട്ടും താമസിച്ചില്ല കാളിയന്‍ മദച്ചെത്തി. കൃഷ്ണനെ വാലുകൊണ്ട് വരിഞ്ഞുകെട്ടി നദിയിലേക്ക് താഴ്‌ത്തി.വീണ്ടും വീണ്ടും ആവര്‍ത്തിച്ചു. ഈ സമയം നദിക്കരയില്‍ കൂടിയിരുന്ന ഇടയന്മാരും ഗോപികമാരും കൃഷ്ണന് സംഭവിച്ച കാര്യം നാട്ടുകാരെ അറിയിക്കാന്‍ ഓടിച്ചെന്ന കൂടെ ബലരാമനും നന്ദഗോപരും യശോദയും എല്ലാവരും തികഞ്ഞ പരിഭ്രാന്തിയോടെ യമുനാ നദീതീരത്തെത്തി. അപ്പോഴും കൃഷ്ണനെ പിടിമുറുക്കുന്ന പാമ്പിനെയാണ് കാണുന്നത്. ഈ സമയം ബലരാമന്‍ കൃഷ്ണനോടായി പറയുന്നു. കൃഷ്ണാ നിന്റെ അവതാര ലക്ഷ്യം കാണിക്കണം എന്നു കേള്‍ക്കേണ്ട കൃഷ്ണന്‍ ശക്തി വീണ്ടെടുത്തു ബലമായി കാളിയനെ പിടിച്ചുതള്ളിയശേഷം വാലില്‍ പിടിച്ചുകൊണ്ടു കയറി തലയില്‍ ചവിട്ടാന്‍ തുടങ്ങി. കാളിയനും ഉഗ്രശക്തിയോടെ ഓരോരോ ഫണമായി ഉയര്‍ത്തി. ഉയര്‍ത്തിയ ഫണങ്ങളെയെല്ലാം ചവുട്ടിത്താഴ്‌ത്തി പിന്നെ ഭഗവാന്‍ കൃഷ്ണന്‍ കാളിയനു മുകളില്‍ നര്‍ത്തനം കളിക്കാന്‍ തുടങ്ങിയതും കാളിയന്റെ ശക്തിമുഴുവന്‍ ക്ഷയിച്ചു. പിന്നെ കാളിയന്റെ സഹപത്‌നിമാരായ നാഗകന്യകമാര്‍ വന്നു കൃഷ്ണനോടു മാപ്പപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് മംഗല്യഭിക്ഷ നല്‍കണം എന്നു പറഞ്ഞു കൃഷ്ണനെ നമിച്ചു.
പിന്നെ കൃഷ്ണന്‍ കാളിയനോടു പറയുന്നു. നീ ഇവിടെ നിന്നും സമുദ്രത്തിലേക്ക് പോവുക. നിന്നെ അവിടെ ആരും ഉപദ്രവിക്കില്ല എന്നു പറഞ്ഞു. അപ്പോള്‍ കാളിയന്‍ തുടര്‍ന്നു ഭഗവാനേ അങ്ങയുടെ ഗരുഡന്റെ ഉപദ്രവം ഉണ്ടാവുമല്ലോ എന്നതിന് ഭഗവാന്‍ പറയുന്നു. നിന്റെ തലയില്‍ ഞാന്‍ ചവുട്ടിയതിന്റെ അടയാളം ഗരുഡനു തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ടു അവിടെ പോയി സുഖമായി താമസിക്കുക.എന്നു പറഞ്ഞ് ഭഗവാന്‍ അനുഗ്രഹിച്ചു.
















