കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സത്യഭാമ. ലീഗിനോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളും വര്‍ഗീയ അജണ്ടയോടുകൂടിയാണ് കാര്യങ്ങള്‍ കാണുന്നതെന്നും സത്യഭാമ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എടക്കാട് സ്വകാര്യ ആശുപത്രി നിര്‍മ്മാണത്തിനായി പി.കെ.അഹമ്മദ് എട്ട് ഏക്കര്‍ വയല്‍ നികത്തിയതിനെതിരെ പ്രദേശവാസികളോടൊപ്പം സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ഡിസിസി പ്രസിഡന്റടക്കമുള്ളവര്‍ തനിക്കെതിരെ രംഗത്ത് വെന്നന്നും സമരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തന്നെ വിലക്കിയെന്നും സത്യഭാമ ആരോപിച്ചു. രണ്ട് വിഭാഗം ജനതയെ സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസും ലീഗും ചെയ്യുന്നത്. മലാപ്പറമ്പില്‍ സ്വാകര്യ വ്യക്തി തുടങ്ങിയ കോഴിക്കടയുടെ പ്രവര്‍ത്തനം കെ.സി.അബുവും കൗണ്‍സിലറായ മകളും ചേര്‍ന്ന് തടഞ്ഞതായും സ്വന്തക്കാര്‍ക്ക് വേണ്ടിയായിരുന്നു ഈ നടപടിയെന്നും അവര്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റിന്റെ മകളെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ലീഗും കോണ്‍ഗ്രസും തന്നെ താഴ്‌ത്തിക്കെട്ടുന്നത്. കോണ്‍ഗ്രസും ലീഗും കാണിക്കുന്ന വേര്‍തിരിവിനെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ വര്‍ഗ്ഗീയവാദി, ബിജെപിക്കാരി എന്നൊക്കെ ചിത്രീകരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ബ്രിട്ടീഷുകാരെപോലെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് കോണ്‍ഗ്രസ്. കൂടെ പ്രവര്‍ത്തിച്ച പലരും തന്നെ ഭീഷണിപ്പിടെത്തുകയുണ്ടായി. ലീഗില്‍വന്നാല്‍ എല്ലാം ശരിയാക്കിതരാമെന്ന് ലീഗ് കൗണ്‍സിലര്‍മാര്‍ തന്നെ പറഞ്ഞിരുന്നു. മുന്‍മന്ത്രി എം.ടി.പത്മ പോലും ലീഗിന്റെ മുന്നില്‍ ശബ്ദിക്കാനാവാത്ത അവസ്ഥയിലാണെന്നും കോണ്‍ഗ്രസിലെ തെറ്റുകള്‍ക്ക് കൂട്ടുനില്‍ക്കാന്‍ തന്നെ കിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.മിഠായിത്തെരുവ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ വിവേചനം കാണിച്ചുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത രവി ഉള്ളിയേരി ആരോപിച്ചു.
















