കുന്നത്തൂര്‍: ശൂരനാട് തെക്ക് വീണ്ടും പേപ്പട്ടി അക്രമണം. നിരവധി വളര്‍ത്ത് മൃഗങ്ങള്‍ക്ക് കടിയേറ്റു. വളര്‍ത്തുനായ്ക്കള്‍ക്കും, പശു, ആടു എന്നിവയ്ക്കാണ് കടിയേറ്റത്. രണ്ട് ദിവസം മുമ്പാണ് പേപ്പട്ടിയുടെ അക്രമണം ഉണ്ടാകുന്നത്. ശൂരനാട് തെക്ക് പഞ്ചായത്തിലെ തൃക്കുന്നപ്പുഴ, ഇഞ്ചക്കാട്, ചിറ്റക്കാട്, പ്രതിഭാ ജംഗ്ഷന് എന്നിവിടങ്ങളിലാണ് പേപ്പട്ടി അക്രമണം ഉണ്ടായത്. കടിയേറ്റതായി സംശയിക്കുന്ന വളര്‍ത്തുനായ്ക്കളെ ഇവിടെ കൊന്നൊടുക്കുകയാണ്. നിരവധി ആട്, പശു തുടങ്ങിയവക്കും കടിയേറ്റിട്ടുണ്ട്. ഇവക്കൊക്കെ കുത്തിവയ്പ് നല്‍കിവരികയാണ്. കടിയേറ്റ പശുക്കളുടെയും മറ്റും പാല് ഉപയോഗിച്ചതിനാല്‍ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. കടിയേറ്റ വളര്‍ത്ത് നായ്ക്കള്‍ ഏതൊക്കെയാണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ ഈ പ്രദേശങ്ങളിലെ ഒട്ടുമിക്ക വളര്‍ത്തുമൃഗങ്ങള്‍ക്കും പ്രതിരോധ വാക്സിന് നല്‍കുകയാണ്. തെരുവ് നായ്ക്കള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റിരിക്കാനാണ് സാധ്യത. ഇവയ്ക്കും പ്രതിരോധമരുന്ന് നല്കാന് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശൂരനാട് തെക്ക് തെരുവ് നായ ശല്യം രൂക്ഷമാണ്. പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര നടപടി സ്വീകരിക്കാത്തത് പ്രതിഷേധം ശക്തമാക്കുന്നു. മൂന്ന് മാസം മുമ്പ് ഇവിടെ തന്നെയുണ്ടായ പേപ്പട്ടി അക്രമണത്തില്‍ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ 25 ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: