ചാത്തന്നൂര്‍: ആ കറുത്ത പുതുവര്‍ഷത്തിന് ഇന്ന് ഒരു വയസ്. കഴിഞ്ഞ പുതുവര്‍ഷം പിറന്നപ്പോഴാണ് ചാത്തന്നൂരിനെ തീരാദുഖത്തിലാക്കി വാഹനാപകടം നടന്നത്. ആറ് എഞ്ചിനിയറിങ് വിദ്യാര്‍ഥികളാണ് മരിച്ചത്. ശീമാട്ടി ജങ്ഷന് സമീപം ദേശീയപാതയില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. കാറും ഗ്യാസ് ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളജിലെ ആറാം സെമസ്റ്റര്‍ മെക്കാനിക്കല്‍ പ്രൊഡക്ഷന്‍ വിഭാഗം ബിടെക് വിദ്യാര്‍ഥികളാണ് മരിച്ചത്. മരിച്ചവര്‍ എല്ലാംതന്നെ ഒറ്റ ക്ലാസില്‍ പഠിക്കുന്നവരാണ്. പുതുവര്‍ഷം ആഘോഷിക്കാനായി കൂട്ടുകാര്‍ നിക്‌സണ്‍ എബി മാത്യുവിന്റെ മാരുതി ആള്‍ട്ടോ കാറില്‍ വര്‍ക്കല ബീച്ചില്‍ പോയിരുന്നു. പുതുവര്‍ഷ ആഘോഷം കഴിഞ്ഞ് കൊല്ലത്തേക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം. പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ബുള്ളറ്റ് ടാങ്കറിലാണ് എതിരെ വന്ന കാര്‍ ഇടിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. കോതമംഗലം തൃക്കരിയൂര്‍ കന്നിമൂലത്ത് ഹൗസില്‍ സുബ്രഹ്മണ്യന്റെ മകന്‍ അരുണ്‍ കെ.ബാബു (19), കൊല്ലം കിളികൊല്ലൂര്‍ താഴത്ത് വടക്കതില്‍ അമ്പിളിയുടെ മകന്‍ അജുപ്രകാശ് (19), കൊല്ലം കരിക്കോട് സര്‍ഗത്ത് ഹൗസില്‍ അംജിതിന്റെ മകന്‍ സെയ്ത് ഇന്‍സമാം എ.തങ്ങള്‍ (19), കൊല്ലം തിരുമുല്ലവാരം പുന്നത്തല നീതു നിവാസില്‍ മാത്യു അലക്‌സാണ്ടറിന്റെ മകന്‍ നിക്‌സണ്‍ എബിമാത്യു (19), പത്തനംതിട്ട കോഴഞ്ചേരി അയന്തില്‍ ഹൗസില്‍ ജോണ്‍ തോമസിന്റെ മകന്‍ സിജോജോര്‍ജ് ജോണ്‍ (19), കൊല്ലം കടയ്‌ക്കല്‍ ആനപ്പാറ ഷാ മന്‍സിലില്‍ മുഹമ്മദ് റാഫിയുടെ മകന്‍ അദിന്‍ഷാ (19) എന്നിവരാണ് മരിച്ചത്.
രക്ഷാപ്രവര്‍ത്തനം നടത്തിയ ഹൈവേപോലിസ് ഡ്രൈവര്‍ സന്തോഷ് ഇന്നും ആ ദുരന്തദിനത്തെ ഓര്‍ക്കുന്നു. മനുഷ്യമാംസവും യന്ത്രവും ഒന്നായി ചേര്‍ന്ന് മരിച്ചുകിടക്കുന്ന ആറു ജീവനുകള്‍. രക്ഷാപ്രവര്‍ത്തനം നടത്താന്‍ ജീവന്‍ അവശേഷിച്ചിട്ടില്ല. പൂര്‍ണ്ണമായും തകര്‍ന്ന കാറില്‍ നിന്നും മൃതശരീരങ്ങള്‍ പുറത്തെടുക്കുക എന്ന ശ്രമകരമായ ജോലി മനസിനെ കല്ലാക്കിയാണ് നിര്‍വഹിച്ചത്. നാട്ടുകാരും പോലീസും ഒട്ടും താമസിയാതെ എത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്നു ശ്രമിച്ചിട്ടും ഇതുചെയ്തുതീര്‍ക്കാന്‍ മൂന്നുമണിക്കൂര്‍ എടുത്തു. പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായിരുന്നു മൃതദേഹങ്ങള്‍. കാറില്‍ നിന്നും കിട്ടിയ മൊബൈല്‍ഫോണ്‍ വഴിയും ടികെഎം കോളേജിലെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളും പോലീസിന് സഹായകമായി. വിവരം കോളേജ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് കോളേജില്‍ നിന്ന് അദ്ധ്യാപകരും സഹപാഠികളും സ്ഥലത്തെത്തിയാണ് ഇവരെ തിരിച്ചറിഞ്ഞത്. ഒരിക്കലും ഇങ്ങനെയൊരു അപകടം ഉണ്ടാകരുതെന്നാണ് സന്തോഷിന്റെ പ്രാര്‍ത്ഥന.
















