കൊല്ലം: കൊല്ലം-തേനി ദേശീയപാത ഹൈസ്‌കൂള്‍ ജംഗ്ഷന്‍മുതല്‍ കടപുഴവരെയുള്ള പുനര്‍നിര്‍മ്മാണപ്രവര്‍ത്തനം ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നടന്നില്ല.
റോഡിന്റെ ടാറിംഗിന് ആവശ്യമായ മിക്‌സ് തയ്യാറാക്കുവാനുള്ള പ്ലാന്റിനെ ചൊല്ലിയുള്ള കേസ് നിലനില്‍ക്കുന്നതാണ് പണികള്‍ ആരംഭിക്കാന്‍ വൈകുമെന്ന സൂചന നല്‍കുന്നത്.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ത്രിതല തെരഞ്ഞെടുപ്പ് വേളയില്‍ അഞ്ചാലുംമൂട് ജംഗ്ഷനില്‍ വച്ച് പുനര്‍നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കുകയായിരുന്നു. അന്നുതന്നെ ഇത് വിവാദമായിരുന്നു. നിര്‍മ്മാണത്തിനാവശ്യമായ പ്ലാന്റ് നിര്‍മ്മാണചുമതല ഏറ്റെടുത്തിരിക്കുന്ന കരാറുകാരന്‍ അടൂര്‍ താലൂക്കിലെ പള്ളിക്കല്‍ പഞ്ചായത്തില്‍ തെങ്ങമത്താണ് നിര്‍മ്മിച്ചിരിക്കുന്നത്.
എന്നാല്‍ നാട്ടുകാര്‍ മിക്‌സര്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുവാന്‍ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ്. ഹൈക്കോടതയില്‍ കേസ് ഫയല്‍ ചെയ്ത് പോലീസിന്റെ സംരക്ഷണയില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നടത്തണമെന്ന അനുകൂല വിധി ലഭിച്ചിട്ടും നാട്ടുകാരുടെ എതിര്‍പ്പ് ശക്തമായുണ്ട്. ജനപ്രതിനിധികളും അധികൃതരും ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെയും സമവായത്തിലെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാരും എംപിമാരും ബന്ധപ്പെട്ടെങ്കിലും ഇതുവരെയും നടപടികളൊന്നും തന്നെ ആയിട്ടില്ല. നാളെ ഇതും സംബന്ധിച്ച് കളക്ടര്‍ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ടെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.















