പത്തനാപുരം: പ്രദേശത്ത് സാമൂഹ്യവിരുദ്ധാക്രമണം തുടര്‍ക്കഥയാകുന്നു. വീട്ടുമുറ്റത്തിരുന്ന വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചു.
കുന്നിക്കോട് വിളക്കുടി പഞ്ചായത്ത് ഓഫീസ് ജംഗ്ഷനില്‍ ചരുവിളവീട്ടില്‍ സാബു, അയല്‍വാസിയായ ബാബുഭവനില്‍ സജിതോമസ് എന്നിവരുടെ വാഹനങ്ങളാണ് അഗ്‌നിക്കിരയാക്കിയത്. ഇരുവാഹനങ്ങളും സാബുവിന്റെ വീട്ടുമുറ്റത്താണ് വച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിനോടെയാണ് തീവച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. ഓടിക്കൂടിയ സമീപവാസികള്‍ ചേര്‍ന്നാണ് തീയണച്ചത്. കുന്നിക്കോട് പോലീസ് സ്ഥലത്തെത്തി കേസെടുത്തു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. പത്ത് ദിവസത്തിന് മുമ്പാണ് പ്രദേശത്ത് വീട്ടുമുറ്റത്തിരുന്ന മൂന്ന് വാഹനങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചത്. ഇതുവരെ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്താത്ത പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.
















