കൊച്ചി: ചില പിന്നാമ്പുറ സഞ്ചാരികള്‍ ജീവന്‍രക്ഷാ മരുന്നില്‍ വിഷം ചേര്‍ക്കുന്ന രീതിയില്‍ ഭഗവത്ഗീതയുടെ ദര്‍ശനങ്ങളെ വികലമാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ജസ്റ്റിസ് എ.വി.രാമകൃഷ്ണപിള്ള. ബോധാനന്ദ ശ്രുതി സേവാ ട്രസ്റ്റ് സംഘടിപ്പിച്ച ‘സ്വാമി ചിന്മയാനന്ദ ഗ്രന്ഥകര്‍ത്താവും പ്രഭാഷകനും ധീഷണാശാലിയുമായ ഗുരു’ എന്ന, സംബോധ് ഫൗണ്ടേഷന്‍ പരമാചാര്യന്‍ സ്വാമി ബോധാനന്ദ സരസ്വതി നയിക്കുന്ന പ്രഭാഷണ പരമ്പര ‘റിഷി വിഷന്‍ 2015’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗീത വായിച്ചാല്‍ അധ:പതനമാണെന്നും അത് ഒരു പ്രത്യേക വിഭാഗത്തിന് മാത്രമുള്ളതാണെന്നും വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു. വേദവ്യാസന്‍ യഥാര്‍ത്ഥത്തില്‍ തന്നത് സ്വര്‍ണ്ണത്തിന്റെ ഒരു ശ്രീകോവിലാണ്. വിശാലമായ സ്വാതന്ത്ര്യമാണ് ഭഗവദ് ഗീതയുടെ അന്തസത്തയെന്നും സനാതന ധര്‍മ്മത്തിന്റെ കാതലും ഇതുതന്നെയാണെന്നും വ്യാസന്‍ നമുക്ക് കാണിച്ചു തന്നു. സ്വാമി ചിന്മയാനന്ദന്‍ തന്റെ അദ്ധ്യാത്മിക ജ്ഞാനം കൊണ്ട് അറിവിന്റെ പാലാഴിയായ ഗീതയുടെ അംശങ്ങള്‍ വിശ്വനന്മയ്‌ക്കായി പകര്‍ന്നു നല്‍കി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാമി ചിന്മയാനന്ദന്‍ സനാതനധര്‍മ്മത്തിന്റെ പുനരുദ്ധാരണത്തിനായുള്ള ദൗത്യം ഏറ്റെടുത്ത് വിജയിച്ച മഹര്‍ഷിശ്രേഷ്ഠനായിരുന്നുവെന്നും ഭഗവത്ഗീതയും, അദ്വൈതവേദാന്തദര്‍ശനവും സാമാന്യജനങ്ങളിലേക്കെത്തിക്കുന്നതില്‍ ചിന്മയാനന്ദ സ്വാമികള്‍ ശ്രേഷ്ഠമായ പങ്ക് വഹിച്ചതായും സ്വാമി ബോധാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. ഗീതാജ്ഞാന യജ്ഞങ്ങളിലൂടെ ആര്‍ഷദര്‍ശനം ജനമനസ്സുകളില്‍ എത്തിക്കാന്‍ സ്വാമി കാണിച്ച ക്രാന്തദര്‍ശിത്വം അദ്വിതീയമാണ്. ടിഡിഎം ഹാളില്‍ നടന്ന പരിപാടിയില്‍ സ്വാമി അദ്ധ്യാത്മാനന്ദസരസ്വതി, സി.ആര്‍.അജിത്ത്, ഡോ.പ്രകാശ് ചന്ദ്രന്‍, പി.എസ്.രാധാകൃഷ്ണന്‍, എം.വി.പത്മകുമാര്‍, അനില്‍ കെ.എന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















