ആലക്കോട്: വൈതല്‍ മലയിലെ ക്ഷേത്ര ഭൂമിയില്‍ നിന്നും പുരാതനമായ വാള്‍ കണ്ടെത്തി. ആലക്കോട് സെന്റ് മേരീസ് സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാപ്പിമലയില്‍ നടക്കുന്ന എന്‍എസ്എസ് ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ വൈതല്‍ മലയില്‍ പോയപ്പോള്‍ നാശോന്മുഖമായ വൈതല്‍മല ക്ഷേത്രത്തിന്റെ തറയുടെ ഭാഗത്തുനിന്നും കല്ലുകള്‍ നീക്കിയപ്പോഴാണ് പുരാതനമായതും ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നതുമായ തിരുവായുധമായ വാള്‍ കണ്ടെത്തിയത്. വൈതല്‍കോണ്‍ രാജാവിന്റെ ആസ്ഥാനമായിരുന്നു പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രം കൂടിയായ വൈതല്‍മല. 2500ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഇവിടുത്തെ ക്ഷേത്രം. കിരാതമൂര്‍ത്തിയായിരുന്നു പ്രതിഷ്ഠ. വേട്ടക്കൊരുമകന്‍ സ്ഥാനവും ഇവിടെയുണ്ട്. ആഗ്രയിലുള്ള ശ്രീശൈലം രാജാവാണ് വൈതല്‍ മലയില്‍ എത്തി വൈതല്‍കോണ്‍ രാജാവ് എന്ന പേരില്‍അറിയപ്പെട്ടിരുന്നത്. ഇവരാണ് അരങ്ങം, വൈതല്‍ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത് എന്ന് പറയപ്പെടുന്നു. ചിറക്കല്‍ രാജവംശം അടക്കമുള്ള മലബാറിലെ നാട്ടുരാജാക്കന്‍മാരുടെ അക്രമത്തെ തുടര്‍ന്ന് വൈതല്‍കോണ്‍ രാജകുടുംബം നശിക്കുകയും തുടര്‍ന്ന് ക്ഷേത്രവും നാശോന്മുഖമാകുകയാരുന്നു. എല്ലാവര്‍ഷവും ക്ഷേത സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇവിടെ ശിവരാത്രി ആഘോഷം നടത്താറുണ്ട്. തകര്‍ന്ന ക്ഷേത്ര ഭൂമി ഉള്‍പ്പെടുന്ന പ്രദേശം ദേവസ്വം അധീനതയിലാണ്. കണ്ടെത്തിയ വാള്‍ വിദ്യാര്‍ത്ഥികള്‍ കാപ്പിമല സ്‌കൂളില്‍ എത്തിക്കുകയും തുടര്‍ന്ന് രാത്രിയോടെ ആലക്കോട് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. സ്‌കൂള്‍ അധികൃതര്‍ പുരാവസ്തു വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. സംഭവ സ്ഥലം ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് പ്രസിഡണ്ട് അജിത് വര്‍മ്മ, കെ.കെ.സുരേഷ് ബാബു എന്നിവര്‍ സന്ദര്‍ശിച്ചു.
















