ഇടുക്കി: പീരുമേടും പരിസരപ്രദേശത്തുമായി ചിട്ടി നടത്തി പണം തട്ടിയ കേസില്‍ പങ്കാളി ഒളിവില്‍ തന്നെ. അതേസമയം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 16 ആയി. പീരുമേട്ടിലും പരിസരപ്രദേശത്തുമായി പീരുമേട് ചിറ്റ്‌സ് എന്നപേരില്‍ നിരവധി ബ്രാഞ്ചുകള്‍ നടത്തി പണം തട്ടിയ കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസില്‍ കഴിഞ്ഞ ദിവസം ഉടമകളിലൊരാളായ ഉപ്പുതറ സ്വദേശി ഷാജിയെ പോലീസ് സംഘം പിടികൂടിയിരുന്നു. കേസില്‍ ഇയാളുടെ പങ്കാളികൂടിയായ ശ്രീനി എന്ന് വിളിക്കുന്ന ശ്രീനിവാസനെയാണ് പിടികൂടാനുള്ളത്. പാമ്പനാര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ചിട്ടി സ്ഥാപനത്തിന് ഏലപ്പാറയ, ഉപ്പുതറ, ഇടുക്കി,വണ്ടിപ്പെരിയാര്‍, അണക്കര എന്നിവിടങ്ങളിലും ശാഖകളുണ്ടായിരുന്നു. പീരുമേട്ടില്‍ 14 കേസും, വാഗമണ്ണിലും ഏലപ്പാറയിലും രണ്ടും വീതമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം പിടിയിലായ പ്രതിയെ കസ്റ്റടിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. ദിവസപിരിവില്‍ ചിട്ടിയില്‍ ചേര്‍ന്നവരാണ് പറ്റിക്കപ്പെട്ടതിലേറെയും. 50000 രൂപതൊട്ട് മുകളിലേക്കാണ് ഓരോരുത്തര്‍ക്കും കിട്ടാനുള്ളത്. ഇതേസമയം പിടിയിലായ ഷാജി തങ്ങള്‍ക്ക് പണം പിരിഞ്ഞ് കിട്ടാനുള്ളതാണെന്നും ഇത് യഥാസമയത്ത് കിട്ടാത്തതാണ് പണം തിരിച്ച് നല്‍കാന്‍ കഴിയാത്തതെന്നും പറഞ്ഞതായാണ് വിവരം. എറണാകുളത്ത് നിന്നും കൂലിപ്പണി ചെയ്തുകൊണ്ടിരിക്കെയാണ് പ്രതി പോലീസ് പിടിയിലാവുന്നത്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
















