കണ്ണൂര്‍: മലയോരഹൈവേയുടെ ഭാഗമായ 17 കി.മീ പുറഞ്ഞാണ്‍- ചെമ്പേരി-പയ്യാവൂര്‍- ചമതച്ചാല്‍ റോഡ് നിര്‍മ്മാണം കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് വര്‍ദ്ധിച്ച നിരക്കില്‍ ടെണ്ടര്‍ നല്‍കുന്നതില്‍ നിയമസഭയില്‍ ഗുരുതരമായ അഴിമതി ആരോപണംമുണ്ടായ സാഹചര്യത്തില്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെ ടെണ്ടര്‍ നല്‍കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. എല്ലാ നടപടികളും പൂര്‍ത്തിയാക്കി ടെണ്ടര്‍ വിളിക്കാനല്ലാതെ കോണ്‍ട്രാക്ടര്‍മാരെ കണ്ടുപിടിച്ച് പണി ഏല്‍പിക്കാന്‍ കഴിയില്ല.
പുറഞ്ഞാണ്‍- ചെമ്പേരി-പയ്യാവൂര്‍-ചമതച്ചാല്‍ റോഡ് 8.60 കോടി രൂപയ്‌ക്ക് 2014 നവംബര്‍ 7 ന് തന്നെ ടെണ്ടര്‍ വിളിച്ചിരുന്നതാണ്. ഏക ടെണ്ടര്‍ സമര്‍പ്പിച്ച കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ 35 ശതമാനം അധികമായി ടെണ്ടര്‍ സമര്‍പ്പിച്ചതിനാലാണ് നടപടിക്രമങ്ങള്‍ നീണ്ടുപോകുന്നത്. ധനകാര്യവകുപ്പിന്റെ പരിശോധനയില്‍ എസ്റ്റിമേറ്റ് തുകയായ 8.6 കോടി രൂപയില്‍ അധികമായ തുക അനുവദിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. കേരള റോഡ് ഫണ്ട് ബോര്‍ഡിനെക്കൊണ്ട് ചെറുപുഴ മുതല്‍ ആലക്കോട്-കരുവഞ്ചാല്‍-ചെമ്പേരി-പയ്യാവൂര്‍-ഉളിക്കല്‍ റോഡ് പ്രവര്‍ത്തി മെക്കാഡം ടാറിങ് നടത്തുവാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
















