തൃക്കരിപ്പൂര്‍: രണ്ടു ദശാബ്ദങ്ങള്‍ക്ക് ശേഷം നടക്കുന്ന തൃക്കരിപ്പൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് മുന്നോടിയായി ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് നടക്കുന്ന ആദ്യ പ്രധാന ചടങ്ങായ കളിയാട്ടമേല്പ്പിക്കല് ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. ഇന്നലെ അരങ്ങില്‍ അടിയന്തിരത്തിന് ശേഷം മുച്ചിലോട്ട് ഭഗവതിയുടെ കോമരം ക്ഷേത്രം കോയ്മ മുറക്കാട്ട് ബാലന് നമ്പിയെ ഭണ്ഡാരവും പണക്കിഴിയും ഏല്‍പ്പിച്ചു. തുടര്‍ന്ന് കളിയാട്ടത്തിന്റെ സംഘാടക സമിതി ചെയര്മാന് കെ.പി.കുഞ്ഞിക്കണ്ണന് കോയ്മയില്‍ നിന്നും ഏറ്റുവാങ്ങി. നൂറുകണക്കിന് ഭക്തര്‍ സംബന്ധിച്ചു. തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് അന്നദാനവും നടന്നു.ഫെബ്രുവരി ആറു മുതല്‍ ഒന്‍പത് വരെയാണ് പെരുങ്കളിയാട്ടം. കളിയാട്ടം ആരംഭിക്കുന്നതിന് മുന്നോടിയായി ഡിസമ്പര്‍ 20ന് നിലം പണിയും, ജനുവരി 31 വരച്ചു വെക്കല്‍ എന്നീ സുപ്രധാനമായ രണ്ട് ചടങ്ങുകള്‍ നടക്കും. 20നു രാവിലെ 10.50നും 12.30നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നിലംപണിക്ക് തുടക്കം കുറിക്കും. പിനീടുള്ള 40 ദിവസങ്ങള്‍ക്കുള്ളില്‍ നാലിലപ്പന്തല്‍, കന്നിക്കലവറ, ഭക്ഷണശാല, വിവിധ സബ് കമ്മറ്റി ഓഫീസുകള്‍, കലാസാംസ്കാരിക പരിപാടികള്‍ക്കുള്ള സ്റ്റേജ് തുടങ്ങിയവ ഒരുക്കേണ്ടത്.ജനുവരി 31നാണ് സുപ്രധാന ചടങ്ങായ വരച്ചുവെക്കല്‍ നടക്കുക. കോലധാരിയെ നിശ്ചയിക്കുന്നതും ദേവിയുടെ തിരുമാംഗല്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ദൈവജ്ഞന്മാര് പ്രശ്ന ചിന്ത നടത്തി തീരുമാനിക്കുന്ന ചടങ്ങാണിത്. വരച്ചു വെക്കലിനു ശേഷം ഏഴാം ദിവസത്തോടുകൂടി പെരുങ്കളിയാട്ടത്തിന് തുടക്കമാകും. കളിയാട്ടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പ്രദര്‍ശനം ഫെബ്രുവരി ഒന്ന് മുതല്‍ രണ്ടാഴ്ചക്കാലം നീണ്ടു നില്ക്കും. നിലംപണിക്ക് ശേഷം നാട്ടെഴുന്നള്ളത്തിന് തുടക്കമാകും. കളിയാട്ടത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് രണ്ടു നേരം ഭക്ഷണം നല്‍കാനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എം.എല്‍ .എ.മാര്‍, വിവിധ സാംസ്കാരിക നേതാക്കന്മാര് തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി ക്ഷേത്രത്തിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: