കണ്ണൂര്‍: കണ്ണൂര്‍ സെന്റ് ആഞ്ചലോസ് കോട്ടയുടെ പരിസരത്തു നിന്നും കണ്ടെത്തിയ പീരങ്കിയുണ്ടകളുടെ എണ്ണം 8500 ആയി. പീരങ്കിയുണ്ടകള്‍ ഇനിയും മണ്ണിനടിയിലുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പരിശോധന ഇന്ന് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. കോട്ടയില്‍ കേബിള്‍ കുഴിയെടുക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പീരങ്കിയുണ്ടകള്‍ വന്‍ശേഖരം കണ്ടെത്തിയത്. രണ്ടു മീറ്ററോളം ആഴത്തിലുള്ള ചതുരക്കുഴികളില്‍ അടുക്കിവച്ച നിലയിലായിരുന്നു ഉണ്ടകള്‍.
കണ്ടൈത്തിയ ഏറ്റവും വലിയ പീരങ്കിയുണ്ടയ്‌ക്ക് 8.2 കിലോഗ്രാം തൂക്കമുണ്ട്. ഏറ്റവും ചെറുതിന് 800 ഗ്രാം തൂക്കമാണുള്ളത്. കഷണങ്ങളായി കണ്ടെത്തിയ ചിലതിന് 5.—6 കിലോ വരെ ഭാരമുള്ളതിനാല്‍ എട്ടുകിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ഉണ്ടകളും ഇവിടെയുണ്ടാകാമെന്നു കരുതുന്നു. എട്ടുതരം പീരങ്കിഉണ്ടകള്‍ കോട്ടയില്‍ കണ്ടെത്തിയിട്ടുണ്ട്. കടലിനു സമീപത്തുള്ള കണ്ണൂര്‍ കോട്ടയില്‍ പീരങ്കിയുണ്ടകളുടെ വന്‍ ശേഖരം കണ്ടെത്തിയത് ഏറെ ചരിത്രപ്രാധാന്യത്തോടെയാണ് ചരിത്രലോകം കാണുന്നത്. കോട്ടയില്‍ സ്ഥാപിച്ചിരുന്ന പീരങ്കികളില്‍ ഉപയോഗിക്കാന്‍ ശേഖരിച്ചിരുന്നവയാണോ അതോ മറ്റെവിടെനിന്നെങ്കിലും കൊണ്ടുവന്ന് കണ്ണൂര്‍ കോട്ടയില്‍ സൂക്ഷിച്ചതാണോയെന്ന കാര്യവും കാലപ്പഴക്കവും പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നറിയുന്നു.
അഞ്ഞൂറ് വര്‍ഷത്തെ പഴക്കമുളള കോട്ടയാണ് കണ്ണൂരിലെ സെന്റ് ആഞ്ചലോസ് . 1505ല്‍ ഫ്രാന്‍സിസ്‌കോ അല്‍മേഡയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കോട്ട സ്ഥാപിച്ചത് പോര്‍ച്ചുഗീസുകാരായിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങള്‍ പറയുന്നു. പിന്നീട് ഇവരില്‍നിന്നു ഡച്ചുകാര്‍ കോട്ട കൈവശമാക്കിയെന്നും ഡച്ചുകാരില്‍നിന്ന് അറയ്‌ക്കല്‍ രാജവംശം കോട്ട വാങ്ങിയെങ്കിലും പിന്നീട് ബ്രിട്ടീഷുകാര്‍ കോട്ട കൈവശപ്പെടുത്തിയെന്നും പറയപ്പെടുന്നു. 1945 ലാണു കണ്ണൂര്‍ കോട്ട ബ്രിട്ടീഷുകാര്‍ സെന്‍ട്രല്‍ പിഡബ്ലിയുഡിക്കു കൈമാറിയത്. അറബിക്കടലിന്റെ തീരത്ത് വലിയ കേടുപാടുകളില്ലാതെ ശേഷിക്കുന്ന കണ്ണൂര്‍ കോട്ടയില്‍ പഴയ പീരങ്കികള്‍ ഇപ്പോഴുമുണ്ട്. ആയുധപ്പുരയും ഇവിടെ കാണാം. കടല്‍വഴിയുള്ള ശത്രുക്കളെ നേരിടാനായിരുന്നു പീരങ്കികള്‍ ഉപയോഗിച്ചിരുന്നതെന്നും ഇതിന്റെ ഉപയോഗം ഇല്ലാതായതിനെത്തുടര്‍ന്നു പീരങ്കിയുണ്ടകളുടെ ശേഖരം കോട്ടയില്‍ത്തന്നെ മണ്ണിനടിയില്‍ നിക്ഷേപിക്കുകയായിരുന്നുവെന്നുമാണ് കരുതുന്നത്.
കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ആരംഭിക്കുന്നതിന്റെ ഭാഗമായി കുഴിയെടുക്കുന്നതിനിടെ തികച്ചും അവിചാരിതമായാണ് പീരങ്കിയുണ്ടകള്‍ കണ്ടെത്തിയത്. ആദ്യം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഓരോ മീറ്റര്‍ മാറി രണ്ടു പീരങ്കിയുണ്ടശേഖരം കൂടി കണ്ടെത്തുകയായിരുന്നു. ഇപ്പോള്‍ ലഭിച്ച പീരങ്കിയുണ്ടകള്‍ കണ്ണൂര്‍ കോട്ടയില്‍ത്തന്നെ സൂക്ഷിക്കും. സമീപകാലത്ത് തലശേരി കോട്ടയില്‍ നിന്ന് ഏതാനും പീരങ്കിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. ഇവ തമ്മിലുള്ള സാദൃശ്യവും പരിശോധനക്കു വിധേയമാക്കുമെന്നുമറിയുന്നു.
















