പാനൂര്‍: മുത്താറിപീടികയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാകമ്മറ്റി അംഗത്തിന്റെ കടയുടെ പൂട്ടില്‍ പശയൊഴിച്ചതായി പരാതി. മൊകേരി രാജീവ്ഗാന്ധി ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ റോഡിലെ ഷാജിയുടെ ഉടമസ്ഥതയിലുളള ജഗന്നാഥ് ബെയ്‌ക്കറി & ഫേന്‍സി കടയുടെ പൂട്ടിലാണ് സാമൂഹ്യദ്രോഹികള്‍ പശയൊഴിച്ചത്. കുറച്ച് ദിവസം മുന്‍പ് ലീഗ് നേതാവിന്റെ കടയുടെ പൂട്ടിനും പശയൊഴിച്ചിരുന്നു.അന്ന് വ്യാപാരികള്‍ ഇവിടെ കടകളടച്ച് പ്രതിഷേധിച്ചിരുന്നു. ആ ദിവസം സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തില്‍ ബ്രാഞ്ച് സെക്രട്ടറി ലക്ഷംവീട്ടില്‍ ദേവന്‍ വ്യാപാരികള്‍ക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പാട്യത്തു വെച്ച് ഡിവൈഎഫ്‌ഐക്കാരനു മര്‍ദ്ധനമേറ്റുവെന്നാരോപിച്ച് മുത്താറിപീടികയില്‍ സിപിഎം വക അനാവശ്യ ഹര്‍ത്താലും നടത്തിയിരുന്നു. ഇന്നലെ മുസ്ലീംലീഗ് പൊതുയോഗം നടക്കാനിരിക്കെയാണ് വ്യാപാരസ്ഥാപനത്തിനു നേരെ അക്രമമുണ്ടായത്. ലീഗിന്റെ പതാകകളും നശിപ്പിച്ച നിലയിലായിരുന്നു. പാനൂര്‍ പോലീസില്‍ പരാതി നല്‍കി.സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വ്യാപാരി നേതാക്കള്‍ ആവശ്യപ്പെട്ടു.
















