ശാന്തന്‍പാറ: കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയില്‍ ശാന്തന്‍പാറയ്‌ക്ക് സമീപത്തെ തോണ്ടിമലയില്‍ അപകടം തുടര്‍ക്കഥയാവുന്നു. ഇന്നലെ പുലര്‍ച്ചെ ഇവിടെ ഉണ്ടായ കാറപകടത്തില്‍ വടക്കന്‍ പറവൂര്‍ സ്വദേശിനി സജിത മരിച്ചതാണ് അവസാന സംഭവം. തമിഴ്‌നാട്ടില്‍ നിന്നുള്ള മടക്കയാത്രയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുന്നത്. ഗുരുതരമായി പരിക്കേറ്റ 5 പേര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടാഴ്‌ച്ച മുമ്പ് ഇതേ സ്ഥലത്ത് തമിഴ്‌നാട്ടില്‍ നിന്നും തോട്ടങ്ങളിലേക്ക് ജോലിക്കായി എത്തിയ തൊഴിലാളികളുടെ വാന്‍ മറിഞ്ഞ് 14 പേര്‍ക്കോളം പരിക്കേറ്റിരുന്നു. ഇതോടെ തൊണ്ടിമലയില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും ഇവിടെ യാതൊരുവിധ സുരക്ഷസംവിധാനങ്ങളും ഒരുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കൊടുംവളവുകളും ഇറക്കങ്ങളുമാണ് ഇവിടെ അപകടത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നത്.
















