കോട്ടയം: ശ്രീനാരായണഗുരുദേവനെ ദൈവമായി ആരാധിക്കുന്നതില്‍ തെറ്റില്ലെന്ന് എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അഭിപ്രായപ്പെട്ടു. ശ്രീനാരായണ അന്തര്‍ദേശീയ പഠന കേന്ദ്രത്തിന്റെയും എംജി യൂണിവേഴ്‌സിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടന്ന പഠന-പ്രചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്കാലത്ത് നടമാടിയ ജാതിയ അടിമത്തത്തിനെതിരായ പോരാട്ടം ഗുരുദേവനെ ദൈവമായി വളര്‍ത്തിയിരുന്നു. എന്തിനേയും രാഷ്‌ട്രീയമായ കാഴ്ചപ്പാടുകളോടെ വിലയിരുത്തുന്നത് കേരളത്തിന്റെ സവിശേഷ സ്വഭാവമാണ്. അതുകൊണ്ടുതന്നെ ഗുരുവിന്റെ ആത്മീയമായ ദര്‍ശനങ്ങളെ വേണ്ടത്ര പഠനവിധേയമായിട്ടില്ല. മലയാളത്തിലും തിമിഴിലും സംസ്‌കൃതത്തിലും നിരവധിയായ കവിതകളടക്കമുള്ള കൃതികള്‍ ശ്രീനാരായണഗുരുസ്വാമിയുടേതായുണ്ടെങ്കിലും മലയാള സാഹിത്യശാഖ അത് വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ലെന്നും വി.സി. ചൂണ്ടിക്കാണിച്ചു.
ആദിശങ്കരനുശേഷം ആ ഗുരുപരമ്പരയിലേക്ക് കേരളം നല്‍കിയ സംഭാവനയാണ് ശ്രീനാരായണഗുരുദേവന്‍. അദ്ദേഹത്തെക്കുറിച്ചുള്ള സമഗ്രമായ പഠനത്തിന് എല്ലാ സഹായവും എംജി. സര്‍വ്വകലാശാല ചെയ്യുമെന്ന് ഡോ. ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു. ശ്രീനീരായണ അന്തര്‍ദേശീയ പഠനകേന്ദ്രം ഡയറക്ടര്‍ ടി.കെ. ശ്രീനാരായണദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, അഡ്വ. എ.ആര്‍. സുരേന്ദ്രന്‍, പ്രൊഫ. എ.എസ്. ചെറിയാന്‍, ഡോ. വി. ആശാലത, എം.ജി. സര്‍വ്വകലാശാല വിസി ജി. ശ്രീകുമാര്‍, ആന്‍സി ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
















