കൊല്ലം: മുക്കുപണ്ടം പണയം വച്ച് ബാങ്കിനെയും ഇടപാടുകാരെയും കബളിപ്പിച്ച് പണം തട്ടിയെടുത്ത അപ്രൈസറെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ്ചെയ്തു. ഉളിയക്കോവില്‍ ചേരിയില്‍ മാതൃകാ നഗറില്‍ ശ്രീ മന്ദിരം വീട്ടില്‍ മധു എറിയപ്പെടു പ്രസന്നകുമാറിനെയാണ് പിടികൂടിയത്. 2006 മുതല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ കടപ്പാക്കട ശാഖയില്‍ അപ്രൈസര്‍ ആയി താത്കാലിക ജീവനക്കാരനായി ജോലി നോക്കിവരുന്ന ഇയാള്‍ ബാങ്ക് ജിവനക്കാരോടും, ഇടപാടുകാരോടുമുള്ള മാന്യമായ ഇടപെടല്‍ കാരണം എല്ലാവരുടെയും വിശ്വസ്തനായി തീരുകയും നല്ല പരിചയത്തിലായ ഇടപാടുകാരെ സ്വാധീനിച്ച് സ്വന്തം ആവശ്യത്തിനായി പണം സ്വരൂപിക്കുന്നതിന്വേണ്ടി വ്യാജസ്വര്‍ണ്ണം യഥാര്‍ത്ഥ സ്വര്‍ണ്ണമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇടപാടുകാരുടെ അക്കൗണ്ടില്‍ പണയം വയ്പിച്ച് പണം അപ്രൈസറായ ഇയാള്‍ കബളിപ്പിച്ചെടുക്കുകയായിരുന്നു. എസ്ഐ ആര്.രാജേഷ്കുമാര്‍, ജിഎസ്ഐ പ്രകാശന്, മോഹനന്, സുരേഷ്, മോഷണ വിരുദ്ധ സ്ക്വാഡിലെ അംഗങ്ങളായ ജോസ് പ്രകാശ്, അനന്‍ബാബു, ഹരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: