അഞ്ചല്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ അഞ്ചലിലും പരിസര പ്രദേശങ്ങളിലും സിപിഎം നേതാക്കളും അണികളും കൂട്ടത്തോടെ ബിജെപിയിലേക്ക്.
മുന്‍ സിപിഎം പുനലൂര്‍ ഏരിയ കമ്മിറ്റിയംഗവും മുന്‍ അഞ്ചല്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റുമായിരുന്ന കെ.എസ്.ബാബുരാജും നൂറിലധികം വരുന്ന സിപിഎം പ്രവര്‍ത്തകരും അഞ്ചലില്‍ ബിജെപിയില്‍ അംഗത്വം നേടിക്കഴിഞ്ഞു. ഇവരെ സ്വീകരിക്കുന്നതിനായി അഞ്ചല്‍ തഴമേല്‍ വക്കംമുക്കില്‍ നടക്കുന്ന മഹാസമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് 18ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് അഞ്ചല്‍ മുക്കട ജംഗ്ഷനില്‍ നിന്നും പ്രകടനം ആരംഭിക്കും. തുടര്‍ന്ന് വക്കംമുക്ക് ജംഗ്ഷനില്‍ നടക്കുന്ന പൊതു പരിപാടിയില്‍ ബിജെപി ജില്ലാ-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വേളയില്‍ അഞ്ചലില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലെത്തിയിരുന്നു. പഞ്ചായത്തില്‍ ബിജെപി അയ്യായിരത്തില്‍ പരം വോട്ട് നേടുകയും മൂന്ന് പഞ്ചായത്തംഗങ്ങളെ വിജയിപ്പിക്കുകയും ചെയ്തു. നാലിടത്ത് നിസാരവോട്ടിനാണ് ബിജെപി രണ്ടാംസ്ഥാനത്ത് എത്തിയത്. ബിജെപിയുടെ ഈ മുന്നേറ്റം പ്രദേശത്തെ ഇടത്-വലത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. അതിനിടയിലാണ് ഏരിയ കമ്മിറ്റിയംഗം ഉള്‍പ്പടെയുള്ള നൂറു കണക്കിന് സിപിഎം കുടുംബങ്ങള്‍ ബിജെപിയിലെത്തുന്നത്. അഞ്ചല്‍ ഗ്രാമ പഞ്ചായത്ത് ഭരണം കാലങ്ങളായി ചിലര്‍ കുടുംബാധിപത്യമെന്ന നിലയില്‍ ഉപയോഗിക്കുകയായിരുന്നു.
അഴിമതി വ്യാപകമായതും ഇവിടുത്തെ ഇടതുകോട്ടകള്‍ തകരാന്‍ കാരണമായി. സ്വഭാവദൂഷ്യത്തിന് നേരത്തെ പുറത്താക്കിയവരെ തിരിച്ചെടുത്ത് നടത്തുന്ന ഉയര്‍ത്തെഴുന്നേല്‍പ്പ് ശ്രമങ്ങളൊന്നും സിപിഎമ്മിനെ രക്ഷിക്കാന്‍ പര്യാപ്തമാകുന്നില്ല. ഇതിനകം ഡിവൈഎഫ്ഐ നേതാവ് സജാദ് പാര്‍ട്ടിയെ വെല്ലുവിളിച്ച് സിപിഐയില്‍ ചേര്‍ന്നു.
അഞ്ചല്‍ മേഖലയില്‍ സിപിഎമ്മിന്റെ ഗുണ്ടാരാഷ്ട്രീയവും അഴിമതിയില്‍ കോണ്ഗ്രസിനൊപ്പമെത്താനുള്ള മത്സരവും ബിജെപിയിലേക്ക് വരുംദിവസങ്ങളിലും നിരവധി പ്രമുഖരെ എത്തിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. അഞ്ചല്‍ പഞ്ചായത്തിലെ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ബിജെപി തയ്യാറാണെന്നും ബിജെപിക്കും നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടുകള്‍ക്കും ഒപ്പം സകലരെയും സ്വാഗതം ചെയ്യുന്നതായും ബിജെപി അഞ്ചല്‍ പഞ്ചായത്ത് സമിതി അദ്ധ്യക്ഷന്‍ ബേബി കളീക്കല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: