ന്യൂദല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തി കോടതിയെ ഭയപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമം. തുടര്‍ച്ചയായ രണ്ടാം ദിവസവും ഇരുസഭകളും തടസ്സപ്പെടുത്തിയകോണ്‍ഗ്രസ് നടപടി വിചാരണക്കോടതിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ലക്ഷ്യം. കോണ്‍ഗ്രസ് പാര്‍ലമെന്റിനെ ഉപയോഗിച്ച് കോടതിയെ ഭയപ്പെടുത്തുകയാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
ഞാന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാണെന്ന സോണിയാഗാന്ധിയുടെ പ്രസ്താവന, കോടതിവിധി എതിരായപ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച 1975ലെ രാഷ്‌ട്രീയ സാഹചര്യം ഓര്‍മ്മിപ്പിച്ചതാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്. സഭ തടസ്സപ്പെടുത്തിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദ തന്ത്രത്തിനെതിരെ ശക്തമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചിരിക്കുകയാണെന്ന് കേന്ദ്രര്‍ക്കാര്‍ ഇരുസഭകളിലും പ്രസ്താവിച്ചു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസാണ് എനിക്കും സോണിയാഗാന്ധിക്കുമെതിരെ നീക്കങ്ങള്‍ നടത്തുന്നതെന്ന് പാര്‍ലമെന്റിന് പുറത്ത് രാഹുല്‍ഗാന്ധി പ്രതികരിച്ചത് വലിയ ബഹളത്തിന് കാരണമായി. നൂറുശതമാനവും നാഷണല്‍ ഹെറാള്‍ഡ് കേസ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കൊണ്ടുവന്നതാണെന്ന് രാഹുല്‍ ആരോപിച്ചു. തെളിവുണ്ടെങ്കില്‍ അതുമായി രാഹുല്‍ സഭയില്‍ എത്തണമെന്ന് ബിജെപി പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസിനും കേന്ദ്രസര്‍ക്കാരിനുമെതിരെ രാഹുല്‍ ഉന്നയിച്ച ആരോപണത്തിന് സഭയിലെത്തി തെളിവു ഹാജരാക്കണം, കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
കേസ് കോടതിയില്‍ നേരിട്ട് പരിഹരിക്കുകയാണ് വേണ്ടതെന്നും സഭ തടസ്സപ്പെടുത്തരുതെന്നും കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി കോണ്‍ഗ്രസ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്റോ കേന്ദ്രസര്‍ക്കാരോ കേസില്‍ ഇടപെട്ടിട്ടില്ല. പാര്‍ലമെന്റിന്റെ സമയം പാഴാക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല, ഗഡ്കരി പറഞ്ഞു.
ഹെറാള്‍ഡ് കേസ് ഉന്നയിച്ച് ഇരുസഭകളും കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്നലെയും തടസ്സപ്പെടുത്തി. നിരവധി തവണ സഭ നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു. അച്ചടക്കം പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.















