ആലപ്പുഴ: റെയില്‍വേ സ്റ്റേഷനില്‍ സ്വകാര്യ ബസുകള്‍ റെയില്‍ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിന് സ്റ്റേഷന് പരിധിയില്‍ നിരോധനം. യാത്രക്കാര്‍ തീവണ്ടിയില്‍ കയറാനും ടൗണില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന റെയില്‍വേ സ്റ്റേഷനില്‍ നിന്നും ടൗണിലെത്താനും ബസില്‍ കയറാനും അരകിലോമീറ്റര്‍ നടക്കണമെന്നായിരിക്കുന്നു സ്ഥിതി. ഇതിനാല്‍ ഏറ്റവും ക്ലേശിക്കുന്നത് തീവണ്ടി യാത്രക്കാരാണ്. കൃത്യസമയത്ത് സ്റ്റേഷനില്‍ എത്തി തീവണ്ടിയില്‍ കയറാന്‍ റെയില്‍വേയുടെ പുതിയ നിഷേധനയം മൂലം യാത്രക്കാര്‍ക്ക് കഴിയാതായി. അയല്‍ സംസ്ഥാനങ്ങളിലേക്കും സംസ്ഥാന തലസ്ഥാനത്തേക്കും അത്യാവശ്യകാര്യങ്ങള്‍ക്ക് പോകേണ്ടിവരുന്നവരും മെഡിക്കല്‍ കോളേജ്, ആര്‍സിസി തുടങ്ങി ആശുപത്രികളില്‍ എത്തേണ്ട രോഗികളും ഇന്നു വിഷമിക്കുകയാണ്. യാത്രക്കാര്‍ അവരുടെ ലഗേജുകളും കുട്ടികളുമായി ബസ്സിറങ്ങി നടന്നു പോകേണ്ട അവസ്ഥയിലാണ്. ആലപ്പുഴയില്‍ തീവണ്ടി എത്തിയ നാള് മുതല്‍ തുടര്‍ന്നുവരുന്ന സര്‍വ്വീസിനും യാത്രക്കാര്‍ക്കുമാണ് ഈ ദുര്‍ഗ്ഗതി.
സ്റ്റേഷന് അധികാരികളോട് ചോദിച്ചാല്‍ എല്ലാം ഉടനെ പരിഹരിക്കുമെന്ന പല്ലവിയാണുള്ളത്. ബസ് ഉടമകളുടെ സംഘടനയായ കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് പ്രശ്നങ്ങളില്‍ ഇടപെട്ട് അധികാരികളെ സമീപിച്ചുകഴിഞ്ഞു. ജനങഅളെയും യാത്രക്കാരെയും വെല്ലുവിളിച്ചും വിനോദസഞ്ചാരികളെയും രോഗികളെയും തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ബുദ്ധിമുട്ടിച്ചും നടത്തുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ ജനപ്രതിനിധികള്‍ അടിയന്തരമായി ഇടപെടണമെന്ന് കെബിടിഎ ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യന്, സെക്രട്ടറി എസ്. നവാസ്, ഷാജി ലാല്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
അതിനിടെ അടുത്ത ദിവസം ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ സ്റ്റേഷന് സന്ദ്ദര്ശിക്കുന്നതിന്റെ ഭാഗമായി അറ്റകുറ്റപ്പണി നടത്തുന്നതിനാണ് താത്കാലികമായി ബസുകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. സന്ദര്‍ശനത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ മോടി പിടിപ്പിക്കുകയും പാര്‍ക്കിങ് ഗ്രൗണ്ടിന്റെ ടാറിങ് പൂര്‍ത്തിയായി വരികയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: