കുറ്റിയാടി: ഒട്ടേറെ ദേശീയ അന്തര്‍ദേശീയ വോളിബോള്‍ താരങ്ങളെ സംഭവന ചെയ്ത കുറ്റിയാടിയില്‍ നിന്നും വീണ്ടും ഒരു താരോദയം കൂടി. ബീഹാറിലെ ചാപ്രയില്‍ ഇന്നലെ ആരംഭിച്ച ജൂനിയര്‍ നാഷണല്‍ വോളിബോള്‍ മത്സരത്തില്‍ കേരള ടീമിനെ എം.എസ്. അക്ഷയ് ആണ് നയിക്കുന്നത്. വാകയാട് ഹയര്‍ സെക്കന്ററി സ്കൂള്‍ +2 വിദ്യാര്‍ത്ഥിയായ അക്ഷയ് നടുവണ്ണൂര്‍ വോളി അക്കാദമിയില്‍ എന്‍ഐഎസ് കോച്ച് ശ്രീധറിന്റെ കീഴില്‍ പരിശീലനത്തിലാണ്.
2013-14 വര്‍ഷത്തില്‍ തമിഴ്നാട്ടില്‍ നടന്ന സബ്ജൂനിയര് ചാമ്പ്യന്‍ഷിപ്പിലും ആന്ധ്രയില്‍ നടന്ന പൈന്തനാഷണല് മത്സരത്തിലും ഗുജറാത്തിലെ ഗാന്ധി നഗറില്‍ നടന്ന ജൂനിയര്‍ ഇന്ത്യന്ക്യാമ്പിലും അക്ഷയിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. 2014-15 ചണ്ഡിഗഡില്‍ നടന്ന ജൂനിയര്‍ മത്സരത്തില്‍ അക്ഷയ് കേരളത്തിന്റെ ജേഴ്സി അണിഞ്ഞു. 2015-16 ലെ സംസ്ഥാന സ്കൂള്‍ ടീമിനെ വിജയകിരീടത്തിലേക്ക് നയിച്ച കോഴിക്കോട് ജില്ലാ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അക്ഷയ്.
അക്ഷയിലെ വോളിബോള്‍ പ്രതിഭയെ കണ്ടെത്തി ചിട്ടയായ പരിശീലനം നല്കിയവരില് എന്‍ഐഎസ് കോച്ച് പി.എ. തോമസ് മാസ്റ്റര്‍, എന്‍ഐഎസ് കോച്ച് ശിവദാസന്‍, കുറ്റിയാടി ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ കായികാധ്യാപകന് കെ.കെ. ഹമീദ് എന്നിവരുടെ പങ്ക് വിലമതിക്കാന്‍ കഴിയാത്തതാണ്.
നരിക്കൂട്ടം ചാല് സ്വദേശിയായ എം.എസ്. അക്ഷയ് വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രധാനാധ്യാപകനും മുന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി താരവുമായ കെ.വി. ശശിധരന്റെയും കരിയാട് യുപി സ്കൂള്‍ അധ്യാപിക മൃദുലയുടെയും മകനാണ്. സഹോദരി അനഘ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: