കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള മാലിന്യം ജനവാസകേന്ദ്രത്തിലേക്ക് ഒലിച്ചിറങ്ങുന്നു. ഇതുമൂലം കുടിവെള്ളവും പരിസരവും മലിനപ്പെട്ട് പൊറുതിമുട്ടുകയാണ് ആശുപത്രിക്ക് തൊട്ടടുത്തുള്ള അമ്പതോളം കുടുംബങ്ങള്‍.
താലൂക്ക് ആശുപത്രിയിലെ പ്രസവാശുപത്രി കെട്ടിടത്തിന് കിഴക്കായി മുപ്പതടിയോളം താഴ്ചയില്‍ താമസിച്ചുവരുന്ന കുടുംബങ്ങളാണ് ഏറെ നാളുകളായി ദുരിതമനുഭവിച്ച് വരുന്നത്. ഈ ഭാഗത്തെ ആശുപത്രി മതില് തകര്‍ന്ന് വീണിരുന്നു. ഇവിടം പുനരുദ്ധരിച്ചെങ്കിലും ആശുപത്രി മാലിന്യങ്ങള്‍ മതിലില്‍ കൂടി പുറത്തേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. ഇതേ രീതിയില്‍ മറ്റ് ആശുപത്രിമാലിന്യങ്ങളും ഇവിടെ വന്നടിയുന്നു. മാലിന്യങ്ങള്‍ നിറയുന്നതുമൂലം ഈ ഭാഗത്തെ കിണറുകളിലെ കുടിവെള്ളം ഉപയോഗ ശൂന്യമാണ്.
ഈ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് പകര്‍ച്ചവ്യാധികളും പകരുന്നുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച ഒരു കുട്ടി ഇപ്പോള്‍ മെഡിക്കല്‍ കോളേജിലെ ചികിത്സയിലാണ്. വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ചൊറിച്ചിലും ത്വക്ക് രോഗങ്ങളും പടര്‍ന്നുപിടിക്കുന്നുണ്ട്.
മാലിന്യത്തിന്റെ ഈ ഭാഗത്തേക്കുള്ള ഒഴുക്ക് തടയണമെന്ന് താമസക്കാര്‍ പലതവണ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. അടിയന്തരമായി മാലിന്യ ഒഴുക്കിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: