പയ്യന്നൂര്‍: പയ്യന്നൂരിലെ വിവാദമായ നവജാത ശിശു വില്‍പ്പന സംബന്ധിച്ച കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി ആറാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് രണ്ടു കേസുകളിലെ അന്വേഷണം മരവിപ്പിച്ചുകൊണ്ടുള്ള സ്റ്റേ ഉത്തരവം കോടതി റദ്ദാക്കി. കേസ് സംബന്ധിച്ച് പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന അഞ്ച് കേസുകളില്‍ രണ്ട് കേസുകളുടെ അന്വേഷണമാണ് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മരവിപ്പിച്ച് ഉത്തരവിട്ടിരുന്നത്. ഈ സ്റ്റേ ഉത്തരവാണ് കഴിഞ്ഞദിവസം ജസ്റ്റിസ് ഉബൈദ് റദ്ദാക്കിയത്. രണ്ടു കേസുകള്‍ക്ക് സ്റ്റേ ഉത്തരവ് വന്നതോടെ മറ്റ് കേസുകളിലുള്ള അന്വേഷണവും നിലക്കുകയായിരുന്നു. ലോക്കല്‍ പോലീസിന്റെ അന്വേഷണം മരവിച്ചതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം പയ്യന്നൂരിലെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. നവജാത ശിശുക്കളെ പയ്യന്നൂരിലെ ഡോക്ടര്‍ ശ്യാമള ലക്ഷങ്ങള്‍ വാങ്ങി ഇടനിലക്കാര്‍ വഴി വില്‍പ്പന നടത്തിയെന്നായിരുന്നു പരാതി.
















