കുണ്ടറ: പനയം പഞ്ചായത്തിനെ മോദിസര്‍ക്കാരിന്റെ ആദര്ശഗ്രാമീണ പദ്ധതിയില്‍ തെരഞ്ഞെടുത്തിട്ട് ഒരുവര്‍ഷം പിന്നിടുമ്പോഴും പദ്ധതി നടപ്പിലാക്കാന്‍ പഞ്ചായത്തോ എംപിയോ തയ്യാറാകുന്നില്ല.
എംപിമാര്‍ ഓരോ ഗ്രാമങ്ങളും ദത്തെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബാലഗോപാല്‍ എംപിയാണ് പനയം പഞ്ചായത്തിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. മൂന്നുവര്‍ഷംകൊണ്ട് ആദര്ശഗ്രാമീണപദ്ധതി പൂര്‍ത്തിയാക്കേണ്ടത്. മൂന്നുവര്‍ഷംകൊണ്ട് പനയം പഞ്ചായത്തില്‍ നടപ്പാക്കേണ്ടത് കോടികളുടെ വികസനമായിരുന്നു.
ഇതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രത്യേകഫണ്ട് അനുവദിക്കും. പദ്ധതിയുടെ ഭാഗമായുള്ള പ്രാഥമിക നടപടികള്‍ ശരിയായി പഞ്ചായത്ത് പൂര്‍ത്തിയാക്കാതിരുന്നതും നടപടികളില്‍ താമസം വരുത്തിയതും പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണെന്ന ആരോപണവുമായി ബിജെപി രംഗത്ത് വന്നിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കേന്ദ്രഗവണ്മെന്റിന്റെ പ്രത്യേകസംഘം പഞ്ചായത്തിലെത്തി വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും വികസനകാര്യങ്ങളെപ്പറ്റി പഞ്ചായത്ത് ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പഞ്ചായത്ത് വലിയ രീതിയില്‍ ഉദ്ഘാടനം നടത്തിയതല്ലാതെ പദ്ധതികള്‍ ആരംഭിച്ചിട്ടില്ല.
പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും വിവരശേഖരണം നടത്തിയവര്‍ക്കുള്ള പ്രത്യേക അലവന്‍സ് തുക അനുവദിച്ചിരുന്നു. എന്നാല്‍ ആ ഫണ്ടുകള്‍ അവര്‍ക്ക് ഇതുവരെയും നല്‍കിയിട്ടില്ല. ആദര്ശഗ്രാമീണ പദ്ധതിയിലൂടെ മാതൃകാപഞ്ചായത്തുകളെ രാജ്യത്ത് സൃഷ്ടിക്കുക എന്നതാണ് കേന്ദ്രഗവണ്മെന്റിന്റെ ലക്ഷ്യം.
പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ അറുന്നൂറോളം പഞ്ചായത്തുകള്‍ വികസനാത്മകമാകുമെന്നും കാര്‍ഷിക, വ്യാവസായിക, ഗതാഗത, വിദ്യാഭ്യാസ, കായികമേഖലകള്‍ ഉന്നതിയിലെത്തിക്കുന്നതാണ് പദ്ധതി. ആദ്യഘട്ടമായി പെരുമണ്‍ പിഎച്ച്എസി സിഎച്ച്എസിയായി ഉയര്‍ത്തുക, പെരിനാട് റെയില്വേസ്റ്റേഷന് വികസനം, പെരുമണ്‍ കയര്‍ഫാക്ടറി വികസനം, പഞ്ചായത്തിലെ എല്ലാവര്ക്കും ഭൂമി, എല്ലാവര്ക്കും വീട്, ശൗചാലയങ്ങള്‍, കളിസ്ഥലങ്ങള്‍ എന്നിവ പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുമെന്നായിരുന്നു പഞ്ചായത്ത് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക അട്ടിമറിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടത്തുന്ന നീക്കം പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ശക്തമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: