കൊല്ലം: പാവപ്പെട്ടവര്‍ക്ക് ആദ്യഘട്ടത്തില്‍ വലിയ ആശ്വാസം ലഭിച്ച മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാംഘട്ടം (കരുതല്‍ 2015) പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ആശ്വാസമാകാതെ നിലച്ചമട്ടില്‍.
ഉദ്യോഗസ്ഥര്‍ നിസാര പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷകള്‍ വച്ചുതാമസിപ്പിക്കുകയാണെന്നാണ് പരാതി. മന്ത്രിസഭാ തീരുമാനമുണ്ടാകേണ്ടതും ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകള്‍ യഥേഷ്ടം ലഭിക്കാത്തതുമായ ധാരാളം അപേക്ഷകള്‍ക്ക് ഇന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. ജനസമ്പര്‍ക്കത്തിനായി ആകെ 3.76 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ രണ്ടുലക്ഷത്തിലേറെ അപേക്ഷകളും ഒരു തീരുമാനവുമാകാതെ ജില്ലാ ആസ്ഥാനങ്ങളില്‍ കെട്ടിവച്ചിരിക്കുകയാണെന്നാണ് ആക്ഷേപമുയരുന്നത്.
തുച്ഛമായ പെന്ഷന് വാങ്ങുന്നവരുടെയും തൊഴിലിനായി കാത്തിരിക്കുന്നവരുടെയും ചികിത്സാസഹായങ്ങളുടെയും പാവപ്പെട്ടവന്റെ ജീവല്‍പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതുമായ മറ്റ് അടിയന്തിര പ്രശ്നങ്ങളും ഉള്‍ക്കൊള്ളുന്ന അപേക്ഷകളാണ് ജനസമ്പര്‍ക്കം-കരുതല്‍ 2015ല്‍ ധാരാളമായി ഉള്ളത്.
മുഖ്യമന്ത്രി അവിടെവച്ച് പരിഹരിച്ചതിന്റെ ബാക്കി അപേക്ഷകള്‍ അതാത് ജില്ലാ കളക്ട്രേറ്റുകളില്‍ ഉദ്യോഗസ്ഥരെ ഇവയെല്ലാം കൂടി ഏല്‍പ്പിക്കുകയായിരുന്നുവത്രെ. ഇവയെല്ലാം ഓഫീസ് പിന്നാമ്പുറത്ത് കൂട്ടികെട്ടിയിട്ട ശേഷം ഉദ്യോഗസ്ഥര്‍ ഉറക്കം നടിക്കുകയാണത്രെ.
ആറ് മാസം കഴിഞ്ഞിട്ടും പകുതിയില്‍ കൂടുതല്‍ അപേക്ഷകള്‍ക്കും ഇുവരെ പരിഹാരം ഉണ്ടായിട്ടില്ല. കൂടുതല്‍ നടപടിക്കായി മേല്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ചെന്നും മറുപടി വന്നിട്ടില്ല എന്നും മറുപടി പറഞ്ഞ് ഉദ്യോഗസ്ഥര്‍ അപേക്ഷകരായ ജനങ്ങളെ നിത്യവും വട്ടം കറക്കുകയുമാണ്. മന്ത്രിസഭ കൂടി പരിഹരിക്കേണ്ടതും ഉന്നത ഉദ്യോഗസ്ഥര്‍ നോക്കേണ്ടതുമായ ധാരാളം അപേക്ഷകളാണ് കമ്പ്യൂട്ടറുകളില്‍ നിറഞ്ഞുകിടക്കുന്നത്. ലഭിച്ച പരാതികളെല്ലാം ഓണ്‍ലൈന്‍ ആക്കിയിട്ടുള്ളതിനാല്‍ ഒന്നും നഷ്ടപ്പെടാന്‍ സാധ്യതയില്ല. എല്ലാ പരാതികള്‍ക്കും പോസിറ്റീവായ സമീപനം എടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടും നാളിതുവരെ അവശേഷിക്കുന്ന പരാതികള്‍ക്ക് പരാഹാരമുണ്ടായിട്ടില്ല.
അഞ്ചുമാസത്തിനകം അടുത്ത ഇലക്ഷന് കൂടി വരുമ്പോള്‍ ഈ കൊടുത്ത അപേക്ഷകളും നോക്കുകുത്തികളാകും. ഏപ്രില്‍ 20ന് തിരുവനന്തപുരത്ത് ആരംഭിച്ച് ജൂണ്‍ 16ന് പാലക്കാട്ട് അവസാനിച്ച കരുതല്‍ 2015 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. 101.87 കോടി ധനസഹായം നല്കിയതും 165 പദ്ധതികള്‍ പ്രഖ്യാപിക്കാനും സര്‍ക്കാരിന് കഴിഞ്ഞു. കഴിഞ്ഞ ജനസമ്പര്‍ക്കപരിപാടിയിലെ പഴഞ്ചന്‍ ഉത്തരവുകള്‍ 45 ഓളം പുതുക്കി ഇറക്കാനും കഴിഞ്ഞിട്ടുണ്ട്. ഇവയില്‍ 1,78,744 പരാതികള്‍ നേരിട്ടും 1,98,028 പരാതികള്‍ ഓണ്‍ലൈനായും ലഭിച്ചവയാണ്. അതില്‍ 1,28,176 പരാതികള്‍ പരിഹരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: