ചെങ്ങന്നൂര്‍: റവന്യുജീവനക്കാരും മണ്ണ് കടത്തുകാരും തമ്മിലുള്ള ഒത്തുകളി പോലീസിനെ വലയ്ക്കുന്നു. ആര്‍ഡിഒ ഓഫീസ്, താലൂക്ക് ഓഫീസ്, വിവിധ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാരില്‍ ചിലരാണ് മണ്ണ് കടത്തുകാര്‍ക്ക് ഒത്താശ നല്‍കുന്നത്.
കഴിഞ്ഞ ദിവസം അനധികൃത മണ്ണ് കടത്തിന് പോലീസ് പിടികൂടിയ ലോറി വിട്ടു കിട്ടണമെന്ന് ആവശ്യപ്പെടുകയും പോലീസ് ഉദ്യോഗസ്ഥന് നേരെ കയര്‍ക്കുകയും ചെയ്ത റവന്യു ജീവനക്കാരനെതിരെ കേസ് എടുത്ത ശേഷം മൂന്ന് ഓഫീസുകളിലേയും ജീവനക്കാരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് ഇവരുടെ ഒത്തുകളി കണ്ടെത്താന്‍ കഴിഞ്ഞത്. പല റവന്യു ജീവനക്കാരും രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ മണ്ണ് മാഫിയകളുമായി ബന്ധപ്പെടുന്നതിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. രാത്രി 12 മണിക്ക് ശേഷം പുലര്‍ച്ചെ ആറുമണി വരെ നിരവധി തവണ ഓരോ മണ്ണ് കരാറുകാരനെയും വിളിച്ചതിന്റെ രേഖകളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.
വിവാദമായ പോലീസ്, റവന്യു തര്‍ക്കത്തിന് കാരണമായ ലോറി പിടിച്ചെടുത്ത ദിവസമായ നവംബര്‍ 30ന് ഒന്‍പതിന് മണ്ണ് കരാറുകാരനായ ചെങ്ങന്നൂര്‍ സ്വദേശി ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടതിന്റെയും സംഭവത്തിന് ശേഷം പല പ്രാവശ്യം പരസ്പരം വിളിച്ചതിന്റെയും തെളിവ് പോലീസിന് ലഭിച്ചു.
പലപ്പോഴും മേലുദ്യോഗസ്ഥരുടെ പരിശോധന വിവരങ്ങളും മറ്റും ചോരുന്നു എന്ന് ആക്ഷേപമുണ്ടായിരുന്നു ഇപ്പോഴാണ് ഇതിന്റെ ഉറവിടം പോലീസിന് വ്യക്തമായിരിക്കുന്നത്. പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയില്‍ പുലിയൂര് സ്വദേശിയായ ഒരു കരാറുകാരനെ ഒരു ജീവനക്കാരന് പത്തിലധികം തവണ ഒരു ദിവസം വിളിച്ചതായും രേഖകളില്‍ വ്യക്തമാണ്. താലൂക്കിലെങ്ങും മണ്ണെടുപ്പും, നിലം നകത്തലും തകൃതിയായി നടക്കുന്നതായും ഇതിന്റെ പേരില്‍ പാരിസ്ഥിതിക പ്രശ്നങ്ങളും കുടിവെള്ള ക്ഷാമവും രൂക്ഷമാകുമ്പോഴും ഇതിന് തടയിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്തത് ഇത്തരം ഒത്തുകളിയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പൊതുജനങ്ങള്‍ പോലീസിനെ ബന്ധപ്പെട്ടാലും റവന്യു വകുപ്പില്‍ നിന്നും ജിയോളജി വകുപ്പില്‍ നിന്നും പാസ്സുണ്ട് എന്ന ന്യായം പറഞ്ഞ് കരാറുകാര്‍ കേസില്‍ നിന്നും രക്ഷപ്പെടുകയാണ്. പരാതികള്‍ രുക്ഷമാകുമ്പോള്‍ അമിത വേഗത്തിനും ഓവര്‍ ലോഡിനുമൊക്കെ കേസുകള്‍ എടുത്ത് മണ്ണെടുപ്പ് നിയന്ത്രിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ പോലീസ്.
മണ്ണെടുപ്പിനും നിലംനികത്തലിനും സാധ്യതയുള്ള വില്ലേജ് ഓഫീസുകളില്‍ തങ്ങളുടെ അടുപ്പക്കാരായ ഉദ്യോഗസ്ഥരെ നിലനിര്‍ത്താനും സംരക്ഷിക്കാനും മണ്ണ് ലോബിയും ഇടപെടുന്നുണ്ട്. ചില ഓഫീസുകളില്‍ മണ്ണ് കടത്തുകാരുടെ സ്ഥിരം സാന്നിദ്ധ്യവും ശ്രദ്ധേയമാണ്. താലൂക്കില്‍ മുളക്കുഴ, ആല, ചെറിയനാട് എന്നിവിടങ്ങളില്‍ മണ്ണെടുപ്പും, പുലിയൂര്, ബുധനൂര്‍ എന്നിവിടങ്ങളില്‍ നിലം നികത്തലുമാണ് വ്യാപകമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: