സാന്‍ ബെര്‍ണാഡിനോ : അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നടന്ന വെടിവയ്‌പ് ഭീകരാക്രമണമായി കണക്കാക്കാമെന്ന് എഫ്‌ബിഐ. പ്രാഥമികമായി കിട്ടുന്ന സൂചനകള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് എഫ്‌ബിഐ അറിയിച്ചു.
കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍നാര്‍ ഡിനോയിലെ ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ഇന്‍ലാന്‍ഡ് റീജിയണല്‍ സെന്ററില്‍ പാക് സ്വദേശികളായ ദമ്പതികള്‍ നടത്തിയ വെടിവയ്‌പ്പില്‍ പതിനാല് പേരാണ് കൊല്ലപ്പെട്ടത്. 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സയ്യിദ് റിസ്വാന്‍ ഭാര്യ തഷ്ഫീന്‍ മാലിക് എന്നിവരാണ് ആക്രമണം നടത്തിയത്. ഇവര്‍ക്ക് ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞുമുണ്ട്. ഈ കുഞ്ഞിനെ ഉപേക്ഷിച്ചിട്ടാണ് ഇവര്‍ ആക്രമണത്തിനിറങ്ങിയത്. അക്രമികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 12 പൈപ്പ് ബോംബുകളും വന്‍ ആയുധ ശേഖരവും പോലീസ് കണ്ടെത്തിയിരുന്നു.
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ സയ്യിദ് ഫറൂഖും തഷ്ഫീന്‍ മാലിക്കും കൊല്ലപ്പെടുകയും ചെയ്തു. രണ്ടു വര്‍ഷം മുമ്പാണ് സയ്യിദ് റിസ്വാന്‍ ഫറൂഖും തഷ്ഫീന്‍ മാലിക്കും വിവാഹിതരായത്. ഒരു മുസ്ലീം ഡേറ്റിംഗ് സൈറ്റില്‍ നല്‍കിയ പരസ്യത്തിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. മാലിക് ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് ഇരുവരും വിവാഹിതരായത്. ആക്രമണത്തിന് ഇവരെ പ്രേരിപ്പിച്ചത് എന്താണെന്ന് ഇനിയും പോലീസിന് വ്യക്തമായിട്ടില്ല.
















