കൊച്ചി: സൈനിക മേധാവികളുടെ സംയുക്ത യോഗം 15ന് കൊച്ചിയില്‍ നടക്കുമെന്ന് നാവിക സേനാ വൈസ് അഡ്മിറല്‍ സുനില്‍ ലംബ. ഭാരതത്തിന്റെ വിമാന വാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ നടക്കുന്ന യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ സംബന്ധിക്കും. ദക്ഷിണ മേഖലാ നാവിക ആസ്ഥാനത്ത് മാധ്യപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആദ്യമായി ദല്‍ഹിക്ക് പുറത്ത് കമാണ്ടേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നത്.
തീരസുരക്ഷ ശക്തമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരുമായും മറ്റ് സുരക്ഷാ ഏജന്‍സികളുമായും യോജിച്ചുള്ള പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും സുനില്‍ ലംബ പറഞ്ഞു. പൊതുജനങ്ങളുടെ പങ്കാളിത്തവും തീര സുരക്ഷയില്‍ നിര്‍ണായകമാണ്. ഇതിന് നിരവധി ബോധവത്കരണവും നാവിക സേന സംഘടിപ്പിക്കുന്നുണ്ട്.
സമുദ്രാതിര്‍ത്തി ലംഘിച്ച ഇറാന്‍ബോട്ട് കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചത് തീരസുരക്ഷയിലെ കാര്യക്ഷമതയെയാണ് കാണിക്കുന്നത്. ഇത് സംബന്ധിച്ച കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുകയാണ്.
അന്താരാഷ്‌ട്ര തലത്തില്‍ കടല്‍ക്കൊള്ളക്കാരെ നേരിടുന്നതില്‍ ഭാരത നാവികസേനയും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് സുനില്‍ ലംബ വ്യക്തമാക്കി. നാവികസേനയുടെ 53 കപ്പലുകള്‍ സുരക്ഷയ്‌ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. കടല്‍ക്കൊള്ളക്കാരില്‍ നിന്നും മൂവായിരത്തോളം കപ്പലുകളെ അകമ്പടി നല്‍കി രക്ഷിച്ചിട്ടുണ്ട്. 210 കടല്‍ക്കൊള്ളക്കാരെ പിടികൂടുകയും ചെയ്തു.
2008ന് ശേഷം ഭാരത നാവിക സേന സുരക്ഷ നല്‍കിയ കപ്പലുകള്‍ ഒന്നും ആക്രമിക്കപ്പെട്ടിട്ടില്ല. ഏഴാം ശമ്പളക്കമ്മീഷന്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും ചോദ്യത്തിന് മറുപടിയയായി സുനില്‍ ലംബ പറഞ്ഞു. നാവികസേനയില്‍ ലിംഗ വിവേചനമുണ്ടെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
















