ഇസ്ലാമാബാദ്: പെഷവാറിലെ സ്‌കൂളാക്രമിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 150ല്‍ ഏറെ പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് ഭീകരരെ പാക്കിസ്ഥാന്‍ തൂക്കിലേറ്റി. മൗലവി അബ്ദുല്‍ സലാം, ഹസ്രത് അലി, മുജീബുര്‍ റഹ്മാന്‍, സബീല്‍ എന്ന യാഹ്യ എന്നിവരെയാണ് തൂക്കിലേറ്റിയത്.
കോഹത് സെന്‍ട്രല്‍ ജയിലില്‍ ഇന്ന് രാവിലെയാണ് വധശിക്ഷ നടപ്പിലാക്കിയത്. ആക്രമണവുമായി ബന്ധപ്പെട്ട് ആദ്യത്തെ വധശിക്ഷയാണിത്. ദുരന്തം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ രണ്ടാഴ്ച മാത്രം അവശേഷിക്കവേയാണ് വിധി നടപ്പിലാക്കിയിരിക്കുന്നത്. മൃതദേഹങ്ങള്‍ വൈകിട്ടോടെ ബന്ധുക്കള്‍ക്ക് കൈമാറും.
കേസിലെ പ്രതികള്‍ക്ക് നേരത്തെ പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരുന്നു. പ്രതികള്‍ സമര്‍പ്പിച്ചിരുന്ന ദയാഹര്‍ജി കഴിഞ്ഞ മാസം 20ന് പാക് പ്രസിഡന്റ് തള്ളിയിരുന്നു. ഇവരെ തൂക്കിലേറ്റാനുള്ള വാറണ്ടില്‍ തിങ്കളാഴ്ച പാക് സൈനികത്തലവന്‍ റഹീല്‍ ഷെരീഫ് ഒപ്പു വെച്ചിരുന്നു. ചൊവ്വാഴ്ച രാത്രി ബന്ധുക്കളുമായി അവസാന കൂടിക്കാഴ്ചയ്‌ക്ക് പ്രതികള്‍ക്ക് അവസരം നല്‍കിയിരുന്നു.
2014 ഡിസംബര്‍ 14ന് ആണ് പെഷവാറിലെ സൈനിക സ്‌കൂളില്‍ താലിബാന്‍ ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ ഭൂരിഭാഗവും കുട്ടികളായിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ഓഗസ്റ്റില്‍ രാജ്യത്ത് വധശിക്ഷയ്‌ക്കുണ്ടായിരുന്ന നിരോധനം സര്‍ക്കാര്‍ നീക്കിയത്.
















