കോഴിക്കോട്: സനാതന ധര്‍മ്മ പരിഷത്ത് നല്‍കിയ പുരസ്‌കാരം കേവലം ഒരു പുരസ്‌കാരത്തേക്കാള്‍ മഹത്തുക്കളായ ധര്‍മ്മ ഗുരുക്കന്മാരുടെ അനുഗ്രഹമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍.
സനാതന ധര്‍മ്മ പരിഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ധര്‍മ്മജ്യോതി പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. വാക്കാണ് ശക്തിയെന്ന് കരുതിയ തനിക്ക് ഈ വേദിയില്‍ മൗനമാണ് മഹദ് ശക്തിയെന്ന് തിരിച്ചറിവുണ്ടാവുകയാണ്. ആചാര്യന്മാരുടെ ഈ സദസ്സിന് നന്ദി പറയാന്‍ താനിന്നോളം ഉപയോഗിച്ച വാക്കുകള്‍ക്ക് കരുത്ത് പോരാതെ വന്നിരിക്കുന്നു. സനാതന ധര്‍മ്മം സംരക്ഷിക്കാന്‍ മഹത്തായ ത്യാഗം നടക്കുന്ന ലക്ഷാവധി സാധാരണ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമാണിത്. അവരുടെ ത്യാഗമാണ് തന്റെ വാക്കുകള്‍ക്ക് ശക്തി പകരുന്നത്. നമ്മളൊന്നാണെന്ന അവരുടെ സങ്കല്‍പ്പമാണ് തന്റെ ശക്തി. ഈ പുരസ്‌കാരത്തിന്റെ അവകാശികള്‍ അവരാണ്. പുരസ്‌കാരങ്ങളുടെ തിരസ്‌കാരങ്ങള്‍ നടക്കുന്നത് അതിന്റെ മഹിമ അറിയാത്തതുകൊണ്ടാണ്. അതിന്റെ പിന്നില്‍ ക്ഷുദ്രമായ താല്‍പ്പര്യങ്ങളാണുള്ളത്. അവര്‍ പറഞ്ഞു.
ബീഫ്‌ഫെസ്റ്റ് ഭഗവാന്‍ നല്‍കിയ അനുഗ്രഹമാണ്. കംസനില്ലെങ്കില്‍ കൃഷ്ണനും രാവണനില്ലെങ്കില്‍ രാമനുമില്ല എന്നപോലെ നിഷേധാത്മകമായചിന്തകള്‍ ഭാവാത്മകമായി മാറ്റാന്‍ കഴിയണം. ഭാവാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് മുന്നേറണം. ഗോശാലകളും ഗോപരിപാലനവും ഗോപൂജയും വഴി കേരളത്തിന്റെ വികസനത്തിന് വഴിതുറക്കണം. കേരളത്തിന്റെ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഇത് മാറ്റാന്‍ കഴിയണം. ശശികല ടീച്ചര്‍ പറഞ്ഞു.
ധര്‍മ്മജ്യോതി പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം
കെ.പി.ശശികല ടീച്ചര്‍ സംസാരിക്കുന്നു
















