ന്യൂദല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ തന്ത്രങ്ങളില്‍ വീണ് പ്രകോപിതരാകരുതെന്ന് ബിജെപി എംപിമാര്‍ക്ക് നേതൃത്വം മുന്നറിയിപ്പ് നല്‍കി. പ്രതിപക്ഷം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അതില്‍ വീഴരുതെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
മതത്തിന്റെയും ജാതിയുടേയും പേരിലുള്ള നിരപരാധികളുടെ കൊലപാതകങ്ങള്‍ അപലപിക്കപ്പെടണമെന്നും അത്തരം സംഭവങ്ങള്‍ക്ക് രാഷ്‌ട്രീയ നിറം കൊടുക്കുന്നത് എതിര്‍ക്കപ്പെടണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
പ്രത്യയശാസ്ത്ര-രാഷ്‌ട്രീയ എതിരാളികള്‍ സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ലക്ഷ്യം വെയ്‌ക്കുകയാണ്. ഭാരത സര്‍ക്കാരിന്റെ പ്രാധാന്യം ഇല്ലാതാക്കാന്‍ പാക്കിസ്ഥാനില്‍ പോയി പോലും കോണ്‍ഗ്രസ് നേതാക്കള്‍ അഭ്യര്‍ത്ഥന നടത്തുകയാണ്. പിഞ്ചു കുട്ടികളുടെ മുന്നിലിട്ട് കെയടി ജയകൃഷ്ണന്‍ എന്ന അധ്യാപകനെ വെട്ടിക്കൊന്നപ്പോഴും പ്രൊഫ.ടി.ജെ ജോസഫ് എന്ന അധ്യാപകന്റെ കൈവെട്ടിമാറ്റിയപ്പോഴും തസ്‌ളിമ നസ്രിന്‍ ഹൈദ്രാബാദ് പ്രസ്‌ക്ലബില്‍ അക്രമിക്കപ്പെട്ടപ്പോഴും മിണ്ടാതിരുന്നവര്‍ അഹസിഷ്ണുതാ വാദവുമായി രംഗത്തെത്തിയത് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടാണെന്നും വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി.
ചരക്കു സേവന നികുതി ബില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തിന്റെ ജിഡിപിയില്‍ ഒന്നര ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി യോഗത്തില്‍ പറഞ്ഞു.
സാധനങ്ങളുടെ വിലയും വിലക്കയറ്റവും ജിഎസ്ടി നടപ്പാകുന്നതോടെ രാജ്യത്ത് കുറയുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക് ത്വരിതഗതിയില്‍ പുരോഗതിയുണ്ടാകും. തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ജിഎസ്ടി നടപ്പിലാക്കുന്നതിന്റെ ഗുണവശങ്ങള്‍ സംബന്ധിച്ച് ബിജെപി എംപിമാര്‍ക്ക് ധനമന്ത്രി വിശദീകരണം നല്‍കി.
















