കോഴിക്കോട്: ജില്ലയിലെ ബാങ്കുകളിലെ വിദേശനിക്ഷേപം 6614 കോടി രൂപയായി വര്‍ധിച്ചു. ജില്ലാതല ബാങ്കിംഗ് അവലോകനയോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 847 കോടി രൂപ അധികമാണിത്. ഇക്കാലയളവില്‍ ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 27,183 കോടി രൂപയും വായ്‌പ 20,765 കോടി രൂപയുമാണ്.
കൃഷി, ചെറുകിടവ്യവസായം, വിദ്യാഭ്യാസം, ഭവനവായ്‌പ തുടങ്ങിയ മുന്‍ഗണനാ വിഭാഗങ്ങളില്‍ നല്‍കിയ വായ്‌പ 13020 കോടി രൂപയാണ്. മൊത്തം വായ്‌പയായ 20,765 കോടി രൂപയുടെ 65 ശതമാനമാണിത്.ജില്ലയുടെ വായ്‌പാനിക്ഷേപാനുപാതം 76 ശതമാനമാണ്. റിപ്പോര്‍ട്ട്കാലത്ത് 3565 പേര്‍ക്ക് 48 കോടി രൂപ വിദ്യാഭ്യാസവായ്‌പ നല്‍കി. വിദ്യാഭ്യാസ വായ്‌പാ പദ്ധതി തുടങ്ങിയശേഷം ജില്ലയില്‍ 30,221 പേര്‍ക്ക് 818.18 കോടി രൂപയാണ് വായ്‌പ നല്‍കിയത്. ദാരിദ്ര്യരേഖയ്‌ക്ക് താഴെയുളള കുടുംബങ്ങള്‍ക്ക് നാല് ശതമാനം പലിശയ്‌ക്ക് നല്‍കുന്ന വായ്‌പ, പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയ്‌ക്കുളള ധനസഹായം എന്നിവ വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് എം.കെ. രാഘവന്‍ എം.പി. ബാങ്കുകളോട് ആവശ്യപ്പെട്ടു.
കോസ്‌മോപൊളിറ്റന്‍ ക്ലബ്ബില്‍ നടന്ന യോഗത്തില്‍ അസി. കലക്ടര്‍ രോഹിത് മീണ അധ്യക്ഷത വഹിച്ചു. റിസര്‍വ്വ് ബാങ്ക് എ.ജി.എം. മുഹമ്മദ് സാജിദ്, നബാര്‍ഡ് ഡി.ഡി.എം. ജയിംസ് പി. ജോര്‍ജ്, കനറാ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ ആര്‍.വി. പ്രദീപ്, ലീഡ് ബാങ്ക് മാനേജര്‍ കെ. ഭുവനദാസ് എന്നിവര്‍ സംസാരിച്ചു.
















