സതീഷ് കുമാര്‍. ആര്
പത്തനംതിട്ട:ആദര്‍ശ് ബിനുവിന് ഉരുക്കിന്റെ കരുത്താണ്. വെറുതെ ആലങ്കാരികമായി പറയുന്നതല്ല. രണ്ടു കൈകളിലും അസ്ഥിക്ക് പകരം ലോഹം ഘടിപ്പിച്ചു തുന്നി ചേര്‍ത്തിരിക്കുന്നു. ഒന്ന് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടയില്‍ പരിക്ക് പറ്റി. രണ്ടാമത്തേത് വാഹന അപകടത്തിലും. അന്ന് അച്ഛന് വിലക്കി; ഓട്ടവും ചാട്ടവും ഒന്നും വേണ്ട. പഠിത്തം മാത്രം. പക്ഷെ അമ്മ പ്രോത്സാഹിപ്പിച്ചു. അധ്യാപകര്‍ അച്ഛനോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. തുടര്‍ന്ന് പതിയെ ജോസെഫ് സാറിന്റെ കീഴില്‍ പരിശീലനം തുടങ്ങി. ആദര്ശിപ്പോള് മെഡല്‍ നേടുകയല്ല. വാരിക്കൂട്ടുകയാണ്.
ജൂനിയര്‍ വിഭാഗത്തിലാണ് മത്സരം. 5000 മീറ്റര്‍ നടത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം (29:19). ക്രോസ് കണ്ട്രിയില് ഒന്നാം സ്ഥാനം (18.19). 3000 മീറ്റര്‍ ഓട്ടം രണ്ടാം സ്ഥാനം. 1500 മീറ്റര്‍ ഓട്ടത്തില്‍ മൂന്നാം സ്ഥാനം. അഞ്ചു കിലോമീറ്റര്‍ ഓടേണ്ട ക്രോസ് കണ്ട്രി മത്സരത്തിനു ശേഷം വെറും ഇരുപതു മിനിട്ടിനു ശേഷമാണ് 3000 മീറ്റര്‍ ഓടിയത്.
കൃഷിക്കാരനായ ബിനു ആണ് അച്ഛന്. അമ്മ രജിത തോട്ടം തൊഴിലാളിയും. തണ്ണിതോട് കയ്യാലേത്തു വീട്ടില്‍ താമസം. ആദര്‍ശ് പഠിക്കുന്നത് തണ്ണിതോട് സെന്റ് ബെനെടിക് ഹൈസ്കൂളില്‍. പത്താം ക്ലാസ് വിദ്യാര്‍ത്ഥി. സ്കൂളില്‍ നേടിയത് 4 ഒന്നാം സമ്മാനങ്ങള്‍. സബ് ജില്ലയിലും സ്ഥിതി മറിച്ചല്ല. ഒന്നാം സമ്മാനങ്ങള്‍ 4 തന്നെ. 3000 മീറ്റര്‍ ഓട്ടവും 5000 മീറ്റര്‍ നടത്തവുമാണ് ഇഷ്ടപെട്ട മത്സര ഇനങ്ങള്‍. .2014 ലും ജില്ലാ തലത്തില്‍ ആദര്‍ശ് തന്നെ ആയിരുന്നു ദീര്‍ഘ ദൂര നടത്തത്തില്‍ ഒന്നാം സ്ഥാനം നേടിയത്.
രണ്ടു കയ്യിലും ലോഹം ഘടിപ്പിച്ചിരിക്കുന്നതു പരിശീലനത്തിനും മറ്റും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. പക്ഷെ ആദര്‍ശിന്റെ കാലുകളുടെ വേഗത്തെ മറികടക്കാന്‍ ഈ പ്രതി ബന്ധങ്ങള്‍ക്കൊന്നും കഴിയില്ല. തണ്ണിതോട് എന്ന ഗ്രാമത്തിന് ആദര്‍ശിന്റെ തോളിലേറ്റാന്‍ പ്രതീക്ഷകള്‍ ഏറെയുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: