കണ്ണൂര്‍: സഹപാഠിയുടെ ബൈക്ക് മോഷ്ടിച്ച് ഏറെ പരിഷ്‌കാരം വരുത്തി ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാക്കി വില്‍ക്കാന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. മുണ്ടേരി കച്ചേരിപ്പറമ്പിലെ കുഞ്ഞിക്കണ്ടി പുത്തന്‍ പുരയില്‍ അസ്‌റുദീന്‍ (19)നെയാണ് ചക്കരക്കല്‍ പോലീസ് പിടികൂടിയത്.
കഴിഞ്ഞ അഞ്ചിന് എച്ചൂര്‍ നളന്ദ കോളേജിന് സമീപം റോഡില്‍ നിര്‍ത്തിയിട്ട കെഎല്‍13 എഇ 7454 ബൈക്കാണ് അസ്‌റുദ്ദീന്‍ മോഷ്ടിച്ചത്. അസ്‌റദ്ദൂന്‍ നളന്ദ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. ഇതേ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ കെ.അര്‍ഷാദിന്റെ ബൈക്കാണ് ഇയാള്‍ മോഷടിച്ചത്. മോഷ്ടിച്ച ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റുകയും 220 സിസി എന്നതിന് 180 സിസി എന്ന വ്യാജ സ്റ്റിക്കര്‍ പതിച്ച് മറ്റ് ഒട്ടേറെ പരിഷ്‌കാരങ്ങള്‍ വരുത്തി തിരിച്ചറിയാന്‍ പറ്റാത്ത രൂപത്തിലാക്കി. ഈ ബൈക്കില്‍ അര്‍ഷാദിനെയും കയറ്റി പലതവണ കറങ്ങിയെങ്കിലും അര്‍ഷാദിന് ഇത് തന്റെ ബൈക്കാണെന്ന് മനസിലായില്ല. അതിന് ശേഷമാണ് ബൈക്ക് വില്‍ക്കാന്‍ ശ്രമം തുടങ്ങിയത്. പുതിയ ബൈക്ക് ചെറിയ തുകയ്‌ക്ക് വില്‍ക്കാന്‍ നീക്കം നടക്കുന്ന കര്യം പോലീസിന്റെ ശ്രദ്ധയില്‍പെട്ടു.ഇതേ തുടര്‍ന്ന് പോലീസ് അസ്‌റുദീനെ നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മോഷ്ടിച്ച ബൈക്ക് സഹിതം ഇയാളെ പിടികൂടുകയായിരുന്നു.
















