മനില/ബ്രിസ്‌ബേണ്‍: പാരീസില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ഉറച്ച നടപടികളുണ്ടാകണമെന്നാവശ്യപ്പെട്ട് ഫിലിപ്പീന്‍സിലെ മനിലയിലും ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേണിലും പരിസ്ഥിതി പ്രവര്‍ത്തകരും വിവിധ സംഘടനകളും മാര്‍ച്ച് നടത്തി. വിഷവാതകങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിക്കാന്‍ നടപടി വേണമെന്നും, കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ ലോകത്തെ നാശത്തിലേക്കു നയിക്കുമെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
നൂറ്റമ്പതിലധികം രാഷ്‌ട്രത്തലവന്മാരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. 2020ഓടെ ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനം നിയന്ത്രിക്കുകയാണ് ലക്ഷ്യം.
മനിലയില്‍ ഏകദേശം 2,500 പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഏഷ്യന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് ഓണ്‍ ഡെബ്റ്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അടക്കമുള്ള സംഘടനകളാണ് മനിലയിലെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്. ബ്രിസ്‌ബേനില്‍ 5,000ത്തിലേറെ പേര്‍ പ്രകടനത്തിനെത്തി. അബൊര്‍ജിനല്‍ ആന്‍ഡ് പസഫിക് ഐലന്‍ഡര്‍ റെപ്രസന്റേറ്റീവ്‌സും, യുവ സംഘടനകളുമാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ദിവസം മെല്‍ബണിലും മാര്‍ച്ച് നടത്തിയിരുന്നു. സോള്‍, റിയൊ ഡി ജെനെയ്‌റോ, ന്യൂയോര്‍ക്ക്, മെക്‌സിക്കോ സിറ്റി തുടങ്ങിയ നഗരങ്ങളില്‍ ഇന്ന് പ്രതിഷേധം.
















