കൊട്ടാരക്കര: ന്യായാധിപ നിയമനത്തിനുള്ള കൊളീജിയം സംവിധാനം സുതാര്യമല്ലാത്തതുകൊണ്ട് സുപ്രീംകോടതി വിധി പുനപരിശോധിക്കണേതുണ്ടെന്ന് അഭിഭാഷകപരിഷത്തിന്റെ ചര്‍ച്ചാസായ്ഹനം വിലയിരുത്തി. ദേശീയനിയമദിനത്തോടനുബന്ധിച്ച് അഭിഭാഷകപരിഷത്ത് കൊല്ലം ജില്ലാസമിതി കൊട്ടാരക്കര വ്യാപാരഭവനിലാണ് ചര്‍ച്ചാസായാഹ്നം സംഘടിപ്പിച്ചത്. ഉയര്‍ന്ന കോടതികളിലെ നിയമനത്തിന് ദേശീയ ന്യായാധിപ നിയമനകമ്മീഷന്‍ രൂപീകരിക്കാന്‍ പാര്‍ലമെന്റ് പാസാക്കിയ 99-ാം ഭരണഘടനാ ഭേദഗതി റദ്ദാക്കിയ സുപ്രീംകോടതി വിധി പാര്‍ലമെന്ററി ജനാധിപത്യത്തിനേറ്റ കനത്ത തിരിച്ചടിയാണന്ന് മുന്‍ എംഎല്‍എ അഡ്വ.അനിരുദ്ധന്‍ പറഞ്ഞു. ഉന്നത ന്യായാധിപന്‍മാര്‍ വരെ ആരോപണവിധേയരാകുമ്പോള്‍ ന്യായാധിപ നിയമനം കുറ്റമറ്റതാക്കേണ്ടത് അത്യാവശ്യമാണന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ആര്‍.അമ്പിളി അധ്യക്ഷയായിരുന്നു. ബിജെപി സംസ്ഥാനസെക്രട്ടറി അഡ്വ.ജെ.ആര്‍.പത്മകുമാര്‍, അഭിഭാഷക പരിഷത്ത് സംസ്ഥാനസെക്രട്ടറി എസ്.രാജേന്ദ്രന്‍, ജില്ലാസെക്രട്ടറി അരുള്‍, കൊട്ടാരക്കര യൂണിറ്റ് സെക്രട്ടറി അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
















