കണ്ണൂര്‍: ജില്ലയിലെ മികച്ച കായിക താരങ്ങളെ കണ്ടെത്താന്‍ നടത്തുന്ന ജില്ലാ സ്‌കൂള്‍ കായികമേള നടത്തുന്നത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാതെ. മതിയായ സൗകര്യങ്ങളില്ലാതെ നടത്തുന്ന കായികമേള മിക്ക വിദ്യാര്‍ത്ഥികളെയും പരിക്കിന്റെ പിടിയിലാക്കിയിട്ടുണ്ട്. പ്രധാനമായ അത്‌ലറ്റിക്ക് മത്സരങ്ങള്‍ നടക്കുന്ന പോലീസ് പരേഡ് ഗ്രൗണ്ടില്‍ സിന്തറ്റിക്ക് ട്രാക്ക് ഇല്ലാത്തതിനാല്‍ പരിക്ക് പറ്റാനുള്ള സാധ്യതയേറെയാണ്. മിനിമം നിലവാരം പോലുമില്ലാത്ത ട്രാക്കില്‍ കൂടി ഓടുന്നതിനാല്‍ മികച്ച സമയം കണ്ടെത്താനാവുന്നില്ലെന്ന് അത്‌ലറ്റുകളും പറയുന്നു. ട്രാക്കുകള്‍ കൃത്യമായി തൂത്ത് വൃത്തിയാക്കുകയോ കല്ലുകള്‍ നീക്കം ചെയ്യുകയോ ചെയ്തിട്ടില്ല. ഇത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ചെറിയ വീഴ്ചയില്‍ പോലും മാരകമായി പരിക്ക് പറ്റാനുള്ള സാധ്യതയുണ്ടെന്ന് പരിശീലകരായ അധ്യാപകരും പറയുന്നു. സിന്തറ്റിക്ക് ട്രാക്കില്‍ കൂടി ഓടിയാല്‍ മാത്രമേ കായികതാരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് പൂര്‍ണ്ണമായി പുറത്തെടുക്കാന്‍ സാധിക്കുകയുള്ളു. സ്‌കൂള്‍ തലങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് പരിശഈലനം നടത്താന്‍ ആവശ്യമായ സംവിധാനങ്ങളില്ല. മിക്ക സ്‌കൂളുകളിലും ലോംഗ് ജംപ് പിറ്റുകളോ, പോള്‍വാള്‍ട്ട് പിറ്റുകളോ ഇല്ല. നീന്തല്‍പരിശീലനത്തിന് കായിക താരങ്ങള്‍ ഇപ്പോഴും പാരമ്പര്യമായുള്ള പുഴകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ മികച്ച കായികതാരങ്ങളെ വളര്‍ത്തിയെടുക്കാനാവശ്യമായ കൃത്യമായ സംവിധാനമൊരുക്കാതെ ചടങ്ങിന് കായികമേള നടത്താനാണ് അധികൃതര്‍ക്കും താല്‍പര്യം.
















