കണ്ണൂര്‍: ഉത്തര കേരളത്തിലെ മണ്ണാറശാല എന്നറിയപ്പെടുന്ന കരിപ്പാല്‍ നാഗത്തിലെ ആയില്യം ഉത്സവം ഇന്നുമുതല്‍ 30വരെ നടക്കും. വന്‍മരങ്ങള്‍ക്ക് നടുവിലായി പരശുരാമനാല്‍ പ്രതിഷ്ഠിതമായി എന്ന് കരുതുന്ന നാഗപ്രതിഷ്ഠയുള്ള കരിപ്പാല്‍ നാഗത്തില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തിന് കേരളത്തിനകത്തും പുറത്തുനിന്നുമായി പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തുക. താഴെ സോമേശ്വരി ക്ഷേത്രത്തിലാണ് ആയില്യം നാളില്‍ താന്ത്രിക ചടങ്ങായ സര്‍പ്പബലി നടത്തുക. സര്‍പ്പ ബലിക്ക് ശേഷം തന്ത്രിയും ക്ഷേത്ര മേല്‍ശാന്തിയും നാഗത്തിലെത്തി പൂജകള്‍നടത്തിയതിന് ശേഷമാണ് പ്രധാന ദേവതയായ നാഗകന്നിയമ്മയുടെയും നാഗരാജാവിന്റെയും തോറ്റം നടക്കുക. കളിയാട്ടത്തിന് തലേ ദിവസം പൂയ്യം നാളിലാണ് തുടങ്ങല്‍ എന്ന ചടങ്ങ് നടക്കുക. ചന്ദ്രോദയത്തിന് ശേഷം താഴെ ക്ഷേത്രത്തില്‍ നിന്ന് ക്ഷേത്ര സ്ഥാനീകരും അടിയന്തിരക്കാരും ദീപവുമായി നാഗത്തിലെത്തി വിളക്ക് കൊളുത്തുന്നതോടെയാണ് കളിയാട്ട ചടങ്ങുകള്‍ ആരംഭിക്കുക. തുടര്‍ന്ന് കോലധാരികളുടെ നേതൃത്വത്തില്‍ തുടങ്ങല്‍ എന്ന ചടങ്ങ് നടക്കും. വടക്കേ മലബാറിലെ വലിയ തറവാടുകളിലൊന്നായ കരിപ്പാല്‍ തറവാട്ടുകാരുടെ കുടുംബക്ഷേത്രങ്ങളാണ് കരിപ്പാല്‍ നാഗവും സ്വോമേശ്വരി ക്ഷേത്രവും, ആരൂഢമായ കരിപ്പാല്‍ തറവാട് ആരൂഢം കളരി പരദേവതാ ദേവസ്ഥാനത്ത് ദര്‍ശനം നടത്തിയതിന് ശേഷമാണ് സോമേശ്വരി ക്ഷേത്രത്തിലും നാഗത്തിലും ദര്‍ശനം നടത്തേണ്ടത്. നാഗത്തിലെ പ്രധാന വഴിപാടു കളിയാട്ടവും സര്‍പ്പബലിയുമാണ്. നാഗപടം എടുത്ത് സമര്‍പ്പിക്കലും പ്രധാന നേര്‍ച്ചയാണ്. കരിപ്പാല്‍ നാഗത്തില്‍ മാത്രം കെട്ടിയാടുന്ന കെട്ടല്‍ എന് ചടങ്ങും പ്രസിദ്ധമാണ്. കുട്ടികളില്ലാത്ത ദമ്പതിമാര്‍ ഇഴിടെ വന്ന് നാഗകന്നിയമ്മയില്‍ നിന്ന് ഇളനീര്‍കുടിച്ചാല്‍ കുട്ടകളുണ്ടാവുമെന്നാണ് വിശ്വാസം. ഈ വിശ്വാസത്തെ സാധൂകരിക്കുന്നതാണ് ഓരോ വര്‍ഷവും കൂടിവരുന്ന ഭക്തജനത്തിരക്ക്. ആയില്യം ഉത്സവത്തിന് വിപുലമായ ഒരുക്കുങ്ങളാണ് നടക്കുന്നത്. കളിയാട്ട നാളുകളില്‍ മൂന്നു ദിവസവും ഭക്തജനങ്ങള്‍ക്ക് അന്നദാനമൊരുക്കിയിട്ടുണ്ട്. വിവിധ ആധ്യാത്മിക സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഉത്സവദിനങ്ങളില്‍ കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുപുഴ, പയ്യന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്ന് കരിപ്പാല്‍ നാഗത്തിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്.
















