തലശ്ശേരി: മാഹി പന്തക്കലില്‍ ആദിവാസിയെ തലക്കടിച്ചുകൊന്ന കേസിലെ പ്രതി അറസ്റ്റിലായി. കണ്ണവം പണിയ കോളനിയിലെ ചന്തന്റെ മകന്‍ കുമാരനെ(48)കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരിട്ടി മുഴക്കുന്ന് ചക്ലിയ കോളനിയിലെ പി.കെ.ലക്ഷ്മണനെ(46)യാണ് അറസ്റ്റ് ചെയ്തത്. മാഹി സിഐ എ.കണ്ണന്‍, പള്ളൂര്‍ എസ്‌ഐ അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് പന്തക്കല്‍ പോലീസ് ക്വാര്‍ട്ടേഴ്‌സിനടുത്ത് നിര്‍മാണത്തിലുള്ള ബഹുനില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കുമാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് മദ്യക്കുപ്പിയും ചെങ്കല്ലും ഉണ്ടായിരുന്നു. തെങ്ങു കയറിയും കൂലിപ്പണി ചെയ്ത മാഹിയില്‍ കഴിയുന്ന കുമാരന്റെ സന്തതസഹചാരിയായിരുന്നു ലക്ഷ്മണന്‍. കഴിഞ്ഞ ദിവസം മരം മുറിച്ച വകയില്‍ കിട്ടിയ പണം വീതം വെക്കുന്നതുമായി ഉണ്ടായ തകര്‍ക്കത്തിനിടയിലായിരുന്നു കൊല നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പള്ളൂരിലെ കനകാലയത്തില്‍ സുഭാഷിന്റെ കെട്ടിടത്തിലാണ് കൊലപാതകം നടന്നത്. പന്തക്കലിലെ ബാറിലെത്തി മദ്യപിച്ച ശേഷം കെട്ടിടത്തിന്റെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
















