കോട്ടയം: മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞടുപ്പ് കേരളകോണ്‍ഗ്രസ്(എം)ല്‍ വന്‍ പ്രതിസന്ധി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വം ജനാധിപത്യ വ്യവസ്ഥിതിയെ അട്ടിമറിച്ചെന്ന ആരോപണവുമായി പുറത്താക്കപ്പെട്ട ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ ജോസ് പാറേക്കാടും സഹപ്രവര്‍ത്തകരും രംഗത്തെത്തി.കെ.എം.മാണിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പാലാ നിയോജകമണ്ഡലത്തിലുള്ള പാലാ നിയോജകമണ്ഡലത്തിലെ ഒരു പഞ്ചായത്തിലാണ് സംഘാടന പ്രതിസന്ധി എന്നത് ശ്രദ്ധേയമാണ്. കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ജോസ് ടോമിന്റെ ഭാര്യ ജെസി ജോസിനെ പ്രസിഡന്റാക്കാന്‍ നേതൃത്വമെടുത്ത തീരുമാനമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ജോസ് പാറേക്കാട് പത്രസമ്മേളനത്തില്‍ പറഞ്ഞു. മീനച്ചില്‍ പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയില്‍ കേരള കോണ്‍ഗ്രസിന് ഒറ്റയ്‌ക്ക് ഭൂരിപക്ഷമുണ്ട്. 4 അംഗങ്ങളുള്ള ബിജെപിയാണ് രണ്ടാമത്തെ വലിയ കക്ഷി.
കേരളകോണ്‍ഗ്രസ് പഞ്ചായത്ത് കമ്മിറ്റിയും ഏഴംഗ പാര്‍ലമെന്ററി പാര്‍ട്ടിയും മുന്‍ പ്രസിഡന്റ് കൂടിയായ റെനി ബിജോയിയെ പ്രസിഡന്റാക്കാന്‍ ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അത് അംഗീകരിക്കാതെയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തെ അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന ജോസ് പാറേക്കാട്ടിനോടപ്പമുള്ള 5 മെമ്പര്‍മാര്‍ ഇടതുമുന്നണിയുടെ പിന്തുണയോടെ റെനി ബിജോയിയെ പ്രസിഡന്റായി തെരഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്നാണ് ജോസി പാറേക്കാട്ടിനെ പുറത്താക്കിയത്. ഈ നടപടി ഒരു കാരണവശാലും അംഗീകരിക്കുകയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് റെനി ബിജോയി, വൈസ് പ്രസിഡന്റ് ഷിബു പൂവേലില്‍, മെമ്പര്‍മാരായ സാജോ പൂവത്താനി, ജിബിന്‍ ജോണ്‍, ജാന്‍സി ഷാജി എന്നിവര്‍ പറയുന്നു. പാര്‍ട്ടി ചെയര്‍മാന്‍ കെഎം.മാണിയും ജനറല്‍ സെക്രട്ടറി ജോസ്.കെ.മാണിയുമിടപെട്ട പുറത്താക്കല്‍ നടപടി പുന: പരിശോധിക്കണമെന്നും ഇവര്‍ പറയുന്നു.
ചങ്ങനാശേരി: കേരള കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ തെരഞ്ഞെടുപ്പിനെചൊല്ലി തര്‍ക്കം. നഗരസഭയിലെ കേരളകോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചു ജയിച്ച രണ്ടുപേര്‍ കോണ്‍ഗ്രസിന്റെ ഒൗദ്യോഗിക ഭാരവാഹികളുടെ ഭാര്യമാരണെന്ന് കൗണ്‍സിലറും സംസ്ഥാന കമ്മിറ്റിയംഗവുമായ സാജന്‍ ഫ്രാന്‍സീസ് പറഞ്ഞു. നിലവില്‍ അവര്‍ക്ക് പാര്‍ട്ടി അംഗത്വമുള്ള കാര്യം അറിയില്ല. പാര്‍മെന്ററി പാര്‍ട്ടി നേതാവായി ലാലിച്ചന്‍ കുന്നിപ്പറമ്പിലിനെ തെരഞ്ഞടുത്ത് കാര്യം അറിയിച്ചിട്ടില്ല.
നീതിപൂര്‍വ്വമല്ലാത്ത തെരഞ്ഞടുപ്പാണ് നടന്നത്. തന്നെ അനുകൂലിക്കുന്ന കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി ലീഡര്‍ കെ.എം.മാണിക്ക് ഒപ്പിട്ട് തന്നെ പാര്‍മെന്ററി ലീഡറാായി തെരഞ്ഞടുക്കുന്നതിന് സമ്മതം അറിയിച്ചിരുന്നു. പാര്‍ട്ടി നേതൃത്വം അറിയാതെയാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതെന്ന് സാജന്‍ ഫ്രാന്‍സീസ് ആരോപിച്ചു. പാര്‍ട്ടിയുടെ ഭാഗത്ത്‌നിന്നും നീതി ലഭിക്കുന്നില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം തുടരുന്ന കാര്യത്തില്‍ പുനര്‍ചിന്തനം നടത്തുന്ന കാര്യം ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു.
















