കണ്ണൂര്‍: മാനസിക അസ്വാസ്ഥ്യം ബാധിച്ച് ദയനീയമായ സാഹചര്യത്തില്‍ കഴിയുന്ന ചെമ്പിലോട് ഇരിവേരിയിലെ വലിയവീട്ടില്‍ നാരായണന് താങ്ങായി സേവാഭാരതി. ബിഎസ്എഫില്‍ നിന്ന് റിട്ടയര്‍ ചെയ്ത നാരായണന്റെ ഭാര്യയും നേരത്തേ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഇവരെ ബന്ധുക്കള്‍ കൊണ്ട് പോയി സംരക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സേവാഭാരതിയുടെയും വെള്ളച്ചാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രേഷ്ഠഭാരത സേവാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഭാരവാഹികള്‍ അദ്ദേത്തെ സന്ദര്‍ശിക്കുകയും പ്രദേശവാസികളുമായി സംസാരിക്കുകയും ചെയ്തിരുന്നു. വിദഗ്ദ ചികിത്സ നല്‍കിയാല്‍ അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന് സേവാഭാരതി അധികൃതര്‍ പറയുന്നു. ചികിത്സ ഉള്‍പ്പടെ നാരായണന് പൂര്‍ണ്ണ സംരക്ഷണം നല്‍കാനാണ് സേവാഭാരതിയുടെ തീരുമാനം. ഇന്ന് ഇരിവേരിയിലെത്തി നാരായണനെ സേവാഭാരതി ഏറ്റെടുക്കും.
















