പൊന്‍കുന്നം: അധികൃതരുടെ അനാസ്ഥമൂലം ദേശീയപാതയില്‍ ഒരു യുവാവിന്റെ ജീവന്‍ പൊലിഞ്ഞു. പൊന്‍ കുന്നത്ത് ദേശീയപാതയിലെ കട്ടിംഗുകളും ഗതാഗത തടസങ്ങളും അപകടമുണ്ടാക്കുമെന്ന് മുമ്പേ ആക്ഷേപം ഉയര്‍ന്നിട്ടും അധികൃതര്‍ അവഗണിച്ചതാണ് ദുരന്തത്തിന് കാരണം.
ഇരുപതാം മൈലില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ബസിനടിയില്‍പെട്ട് മരിക്കാനിടയാക്കിയ അപകടം ഉണ്ടായത് റോഡരികിലെ കട്ടിംഗും കരിങ്കല്‍ കൂനയും മൂലം. ഇത്തരത്തിലുള്ള അപകട സാദ്ധ്യത കഴിഞ്ഞ ദിവസം ”ജന്മഭൂമി” ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച രാവിലെ റോഡരികില്‍ നിന്നും തെന്നി ഓടിയ സ്‌കൂട്ടര്‍ കട്ടിംഗില്‍ നിന്നും താഴെച്ചാടി അരികിലെ കല്‍ക്കൂനയില്‍ ഇടിച്ചാണ്. ഇതില്‍ ഇടിച്ചപ്പോള്‍തന്നെ സ്‌കൂട്ടര്‍ തെറിച്ച് റോഡിലേക്ക് വീണു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ചേര്‍പ്പത്തുകവല കുരങ്ങാടി തഴയ്‌ക്കല്‍ സുജിത്ത് ശാമുവല്‍ തെറിച്ച് എതിരെ വന്ന സ്വകാര്യ ബസിനടിയിലേക്ക് വീഴുകയായിരുന്നു.
സ്വകാര്യ ബസില്‍ ക്ലീനറായി ജോലി ചെയ്യുന്ന സുജിത്ത് രാവിലെ ജോലിക്കായി ടൗണിലേക്കു വരുന്ന വഴി സ്‌കൂട്ടര്‍ കല്‍ക്കൂനയില്‍ തട്ടിയാണ് അപകടം. നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിന് ശേഷം ബാക്കിവന്ന കല്ലുകള്‍ റോഡിനോട് ചേര്‍ന്നുതന്നെ കൂടികിടക്കുകയായിരുന്നു. കട്ടിംഗില്‍ നിന്നും വാഹനം ഇറങ്ങിയാല്‍ ഈ കല്‍ക്കൂനയില്‍ കയറാനിടയാകും.
ദേശീയപാതയില്‍ വിവധയിടങ്ങളിലായി റോഡ് പണിക്കും മറ്റുമായി കൊണ്ടുവന്നു കൂട്ടിയ നിരവധി മെറ്റല്‍ക്കൂനകളാണുള്ളത്. പാതയുടെ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും മിക്ക സ്ഥലങ്ങളിലും യഥാസമയം പാതയോരത്ത് മണ്ണിട്ടു നികത്താത്തതു മൂലം വന്‍ കട്ടിംഗുകളാണ് രൂപപ്പെട്ടിരിക്കുന്നത്. റോഡില്‍ നിന്ന് തെന്നി മാറുന്ന ഇരുചക്രവാഹനങ്ങള്‍ ഇത്തരം കുഴികളില്‍ വീണ് അപകടം ഉണ്ടാകുന്നതും പതിവാണ്. നിരവധി പേര്‍ക്ക് ഇതിനു മുമ്പും ഇത്തരം അപകടങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്.
















