കടുത്തുരുത്തി: അര്‍ദ്ധരാത്രിയില്‍ വീടുകയറി ദമ്പതികളെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും വീടിന്റെ ജനാലചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതായി പരാതി. ഓമല്ലൂര്‍ പുല്‍പ്ര വീട്ടില്‍ ഷാജു(44)ഭാര്യ ബിജി(42)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും വൈക്കം ഗവ.ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവം. ഇവരുടെ ബന്ധുവും അഭിഭാഷകനുമായ പുല്‍പ്ര സിബി മാത്യു, ഇയാളുടെ അനുജന്‍ ബിന്‍സ് മാത്യു കണ്ടാലറിയാവുന്ന പത്തോളം പേര്‍ എന്നിവര്‍ക്കെതിരെ കടുത്തുരുത്തി പോലീസ് കേസെടുത്തു. സ്ഥലത്തിന്റെ അതിര് തിരിച്ചിരുന്ന കമ്പിവേലിയും കയ്യാലയും പൊളിക്കുന്ന ശബ്ദംകേട്ട് ഉണര്‍ന്നെത്തിയ ഷാജുവിനെയും ഭാര്യയെയും ഇവര്‍ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഇരുവരും മാത്രമാണുണ്ടായിരുന്നത്. മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപെടാന്‍ തിരികെ വീട്ടിലേക്ക് ഓടിക്കയറിയപ്പോള്‍ ആക്രമികള്‍ ജനാലച്ചില്ലുകള്‍ തകര്‍ത്തതായും പരാതിയുണ്ട്. ഇരുകൂട്ടരും തമ്മില്‍ വഴി സംബന്ധിച്ച് നിലവിലുണ്ടായിരുന്ന തര്‍ക്കത്തിന്റെ ഭാഗമായാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
















