എരുമേലി: വെള്ളവും വെളിച്ചവുമെത്തിയതിനെ തുടര്‍ന്ന് എരുമേലി കെഎസ്ആര്‍ടിസി സെന്ററില്‍ അടച്ചുപൂട്ടിയ ശൗചാലയം തുറന്നു.
ശബരിമല തീര്‍ത്ഥാടനമാരംഭിച്ചിട്ടും വെള്ളവും വൈദ്യുതിയും എത്താതിരുന്നതിനെ തുടര്‍ന്ന് ശൗചാലയം അടച്ചുപൂട്ടിയ വിവരം ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശബരിമല തീര്‍ത്ഥാടനവും തീര്‍ത്ഥാടകരുടെ സൗകര്യവും കൂടി കണക്കിലെടുത്താണ് ദേവസ്വം ബോര്‍ഡ് പാട്ടത്തിന് നല്‍കിയ സ്ഥലത്ത് കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ തുടങ്ങിയത്. തീര്‍ത്ഥാടകരുടെയും ജീവനക്കാരുടെയും യാത്രക്കാരുടെയും കൂടുതല്‍ സൗകര്യങ്ങള്‍ കണക്കിലെടുത്ത് ശൗചാലയം നിര്‍മ്മിച്ചുവെങ്കിലും ഇതിന്റെ നടത്തിപ്പിനെ സംബന്ധിച്ച് പഞ്ചായത്തും കെഎസ്ആര്‍ടിസിയും തര്‍ക്കത്തിലേര്‍പ്പെട്ടതാണ് ശൗചാലയത്തിന്റെ പ്രവര്‍ത്തനം തകിടം മറിയാന്‍ കാരണം.
തീര്‍ത്ഥാടന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് വന്ന ചര്‍ച്ചയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ യോഗം പഞ്ചായത്തിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ സമയബന്ധിതമായി വെളിച്ചവും വെള്ളവും ലഭിക്കാതായതോടെ ശൗചാലയം നോക്കുകുത്തിയാകുകയായിരുന്നു. ശബരിമല തീര്‍ത്ഥാടനമാരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കെഎസ്ആര്‍ടിസിയിലെ ശൗചാലയം തുറക്കാത്തതിനെതിരെ ജനകീയ പ്രതിഷേധം വ്യാപകമാവുകയും ചെയ്്തു.
ജന്മഭൂമി നല്‍കിയ വാര്‍ത്തയെ തുടര്‍ന്ന് കഴിഞ്ഞദിവസം രാവിലെ ചിലരെത്തി അന്വേഷിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളവും വൈദ്യുതിയും എത്തുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു.
ഇതിനിടെ ശൗചാലയത്തിന് മുന്നില്‍ ജീവനക്കാരുടെ ബൈക്കുകള്‍ വഴിമുടക്കി വയ്‌ക്കുന്നതിനും പ്രതഷേധം ഉയര്‍ന്നിരിക്കുകയാണ്.
















