കൊച്ചി: കോര്‍പ്പറേറ്റുകള്‍ക്കിടയിലെ അഴിമതി തടയാന്‍ സ്വതന്ത്ര ഓഡിറ്റ് അതോറിറ്റിയും ദേശീയ ഓഡിറ്റ് ഫണ്ടും നടപ്പാക്കണമെന്ന് ബംഗളൂരു ട്രായ് ഉപദേശകന്‍ ഡോ. സിബിച്ചന്‍ കെ. മാത്യൂ. കേരള മനേജ്‌മെന്റ് അസോസിയേഷന്‍ ( കെഎംഎ ) സംഘടിപ്പിച്ച ഫ്രോഡ്‌സ് ആന്‍ഡ് സ്‌കാംസ്: ഹു വില്‍ വാച്ച് ദി വാച്ച് ഡോഗ്‌സ് എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോക്‌സ് വാഗണ്‍, ലേമന്‍, ലൂസെന്റ് ടെക്‌നോളജീസ്, സത്യം, ശാരദ തുടങ്ങി രാജ്യത്തിനകത്തും പുറത്തും സമീപകാലങ്ങളില്‍ നടന്ന തട്ടിപ്പും അഴിമതിയും അദ്ദേഹം വിശദീകരിച്ചു. ഓഡിറ്റര്‍മാരും കോര്‍പ്പറേറ്റ് മേധാവികളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇത്തരം തട്ടിപ്പുകളിലേക്ക് നയിക്കുന്നത്. നിക്ഷേപകരുടെ വിശ്വാസ്യത തകരുന്നതിനൊപ്പം സമ്പദ്ഘടനയെയും ഇത്തരം നടപടികള്‍ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎംഎ പ്രസിഡന്റ് പ്രസാദ് കെ പണിക്കര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വിവേക് കൃഷ്ണ ഗോവിന്ദ്, ഓണററി ജോയിന്റ് സെക്രട്ടറി മാധവ് ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
















