നീലേശ്വരം: രാജവംശത്തിലെ രണ്ട്, മൂന്ന്, അഞ്ച് കൂര് രാജക്കന്മാരെ അരിയിട്ടു വാഴിച്ചു. വലിയരാജയായി സ്ഥാനമേല്‍ക്കേണ്ട ഒന്നാംകൂര്‍ രാജാവ് തെക്കേ കോവിലകത്തെ ടി.സി കേരളവര്‍മ്മരാജ, നാലാംകൂര്‍ രാജാവ് മഠത്തില്കോവിലകത്തെ എം.സി രാമവര്‍മ്മ രാജ എന്നിവര്‍ അസൗകര്യത്തെ തുടര്‍ന്നു ചടങ്ങിനെത്തിയില്ല. സൗകര്യപ്രദമായ ശുഭമുഹൂര്‍ത്തത്തില്‍ ഇരുവരും സ്ഥാനമേല്‍ക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കിണാവൂര്‍ കോവിലകത്തെ കൂര് സ്ഥാനക്കാര്‍ മാത്രമാണ് ഇന്നലെ ചുമതലയേറ്റത്. രണ്ടാംകൂര്‍ രാജാവ് കെ.സി രാമവര്‍മ്മ രാജ, മൂന്നാംകൂര്‍ സ്ഥാനത്തുള്ള കെ.സി കേരളവര്‍മ്മരാജ, അഞ്ചാംകൂര്‍ സ്ഥാനക്കാരനായ കെ.സി രവിവര്‍മ്മ രാജ എന്നിവരാണ് സ്ഥാനമേറ്റത്.
രാവിലെ കോവിലകത്തു നിന്നിറങ്ങി തളിയില്‍ ക്ഷേത്രം സന്ദര്‍ശിച്ച ഇവര്‍ നെയ് നിറച്ച കിണ്ടി ശ്രീകോവിലില്‍ സമര്‍പ്പിച്ചു പ്രാര്‍ഥിച്ചു. തുടര്‍ന്ന് പടിഞ്ഞാറ്റംകൊഴുവല്‍ കോട്ടം വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രം, മാടത്തിന് കീഴില്‍ ക്ഷേത്രപാലക ക്ഷേത്രം, മന്നന്‍പുറത്തു കാവ്, എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി. തുടര്‍ന്നു കോവിലകത്തെത്തിയ മൂവരേയും കക്കാട്ടില്ലത്ത് തന്ത്രിമാര്‍ നീരാഞ്ജനം ഉഴിഞ്ഞു വരവേറ്റു. അരിയിട്ടു വാഴിക്കലോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. ടി.സി.സി കൃഷ്ണവര്‍മ്മ വലിയരാജയുടെ നിര്യാണത്തെത്തുടര്‍ന്നു പതിനാറാം നാളിലാണ് ചടങ്ങ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: