കാസര്‍കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ സിപിഎമ്മെടുത്ത നിലപാട് കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ സഖ്യത്തിന്റെ ചൂണ്ടുപലകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി.സുരേഷ്കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ വേണ്ടെന്ന നിലപാടെടുത്തത് മുസ്ലിംലീഗിനെ പ്രീണിപ്പിക്കാനാണ്. എസ്ഡിപിഐ, പിഡിപിയുടെ പിന്തുണ വാങ്ങിച്ച് ബിജെപിയുടെ പിന്തുണ വേണ്ടെന്ന് വെക്കുന്നത് എന്തിനാണെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഐ, യുഡിഎഫ് പിന്തുണ പല പഞ്ചായത്തിലും ഉണ്ടായിട്ടുണ്ട്. ബെള്ളൂര്‍, മഞ്ചേശ്വരം, ബദിയടുക്ക, പുത്തിഗെ, എന്മകജെ തുടങ്ങിയ പഞ്ചായത്തുകളിലും, കള്ളാര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡിലും ബിജെപിക്ക് എതിരായി എല്‍ഡിഎഫ് വോട്ട് ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥി കളെ പരാജയപ്പെടുത്തി. തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെ മുസ്ലിംലീഗുമായി ധാരണയുണ്ടാക്കി. അതിന്റെ തുടര്‍ച്ചയാണ് ജില്ലാ പഞ്ചായത്തിലും കണ്ടത്.
മുസ്ലിംലീഗിനെ പ്രീണിപ്പിക്കാന്‍ ജില്ലയുടെ തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ നടത്തിയിട്ടുള്ള അധികാര ദുര്‍വിനിയോഗം അന്വേഷിക്കണം. ഉദ്യോഗസ്ഥന്മാരേയും, പഞ്ചായത്ത് സെക്രട്ടറിമാരേയും ഭീഷണിപ്പെടുത്തി വോട്ടുകള്‍ ഒരു വാര്‍ഡില്‍ നിന്നും മറ്റൊരു വാര്‍ഡിലേക്ക് മാറ്റാന്‍ ശ്രമം നടത്തി. ബെള്ളൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ നിന്നും 55 വോട്ടുകളാണ് മാറ്റാന്‍ ഭീഷണിപ്പെടുത്തി. വോട്ടര്‍ പട്ടി തെറ്റുകള്‍ തിരുത്തി പുനപ്രസിദ്ധീകരിക്കുമ്പോള്‍ കൃത്രിമം കാണിച്ചു. പുത്തിഗെ, ബെള്ളൂര്‍, മഞ്ചേശ്വരം പഞ്ചായത്തുകളുടെ വോട്ടര്‍പട്ടികയില്‍ കൃത്രിമം നടത്തി. മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക കൊടുത്തു കഴിഞ്ഞതിനു ശേഷം ജില്ലാ കളക്ടര്‍ മുസ്ലിംലീഗുമായി ഒത്തുകളിച്ചു. ചെങ്കളയില്‍ 19ാം വാര്‍ഡില്‍ നിന്നും 18ാം വാര്‍ഡിലേക്ക് 150ല്‍ പരം വോട്ടുകള്‍ മാറ്റി ഉത്തരവ് ഇറക്കി. പുതിയ വോട്ടര്‍ പട്ടിക വന്നപ്പോള്‍ 135 വോട്ടുകള്‍ മാറ്റുകയും ചെയ്തു. 19ാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫില്‍ നിന്നും മത്സരിച്ച പി.ശ്രീലേഖയെ 18ാം വാര്‍ഡിലെ വോട്ടറായി മാറ്റി. ലീഗ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനുവേണ്ടിയാണ് കളക്ടറെ കൂട്ട് പിടിച്ച് ഇത്തരത്തില്‍ വോട്ടുകള്‍ മാറ്റിയതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ഹിയറിഗ് നടത്താതെ നിരവധി വോട്ടുകള്‍ കളക്ടറുടെ അനുവാദത്തോടെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. പക്ഷപാതപരമായ സമീപനമാണ് ജില്ലാ കളക്ടര്‍ നടത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടര്‍ ഇറക്കിയിട്ടുള്ള എല്ലാ ഉത്തരവുകളും പരിശോധനക്ക് വിധേയമാക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ ശ്രമിച്ച മുസ്ലിംലീഗിന് കളക്ടര്‍ കൂട്ടുനില്‍ക്കുകയായിരുന്നു. ഇത് എതിര്‍ക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികാര നടപടിയെടുക്കാന്‍ തയ്യാറാകുകയാണ് ജില്ലാ കളക്ടര്‍.
കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ നിയമവിരുദ്ധമായി സംസാരിക്കാന്‍ എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എക്കും, പി.ബി.അബ്ദുള്‍ റസാഖിനും അനുമതി നല്കിയ കളക്ടറുടെ നടപടി നിയമ ലംഘനമാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. സിപിഎമ്മിന് ബദലായി ബിജെപി മാത്രമാണ് ഉള്ളത്. ആരുടേയും വോട്ട് ബിജെപി ആവശ്യപ്പെട്ടിട്ടില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ആരുടെ വോട്ട് കിട്ടിയാലും വേണ്ടെന്നുവെക്കില്ല. കേരളത്തില്‍ എല്ലായിടത്തും ഒരേ സമീപനമാണ് ബിജെപി സ്വീകരിച്ചിട്ടുള്ളത്. മുസ്ലിംലീഗുമായി ബിജെപി ധാരണ ഉണ്ടാക്കി എന്ന് അപവാദ പ്രചരണം നടത്തുന്ന സിപിഎം എന്തുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പെ ഇത് പറഞ്ഞില്ലെന്ന് ബിജെപി നേതാക്കള്‍ ചോദിച്ചു. മുസ്ലിംലീഗിനെ മാറ്റി നിര്‍ത്താന്‍ ബിജെപി ഇപ്പോഴും തയ്യാറാണ്. ഇനി വോട്ടെടുപ്പ് നടന്നാല്‍ ബിജെപിയുടെ വോട്ട് സിപിഎമ്മിന് നല്കാന് ബിജെപി തയ്യാറാണ്. സിപിഎമ്മിന് ബദലായി മാറാന്‍ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളു. ബിജെപിയെ പിന്തുണക്കാന്‍ തയ്യാറുളളവര്‍ക്ക് സംരക്ഷണം നല്കാന് ബിജെപി തയ്യാറാണെന്നും നേതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: